കൊല്ലം: റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണത്തിന് ഗതിവേഗം. മഴക്കാലത്തിന് മുമ്പ് നിർമ്മാണത്തിന്റെ മുക്കാൽ പങ്കും തീർക്കാനാണ് തീരുമാനം. 1.20 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്. കൊട്ടാരക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മുമ്പ് പൊലീസ് സർക്കിൾ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സുകൾ എന്നിവ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് നിർമ്മാണം. ഇൻഡോർ ക്ളാസുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സെന്ററാണ് ആരംഭിക്കുന്നത്.ഫിസിക്കൽ ട്രെയിനിംഗിന് ഇവിടെ സൗകര്യമുണ്ടാകില്ല.
വിശാലം, വിപുലം
താഴത്തെ നിലയിൽ ക്ളാസുകൾക്കുള്ള വിശാലമായ ഹാൾ, മുകളിൽ സ്യൂട്ട് റൂമുകൾ, ഡൈനിംഗ് ഹാൾ, ടൊയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ സ്ഥലം എന്നിവ ക്രമീകരിക്കും. മൂന്ന് ഏക്കർ ഭൂമിയാണ് ഇവിടെ പൊലീസിനുള്ളത്. ബാക്കി ഭാഗത്ത് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണവും പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണവും ഉടനെ തുടങ്ങും. റൂറൽ എസ്.പി ഓഫീസിനോട് അനുബന്ധിച്ചുതന്നെ എസ്.പിയുടെ ക്യാമ്പ് ഓഫീസ് നിർമ്മിക്കും. മറ്റ് ഉദ്യോഗസ്ഥർക്കാണ് ട്രെയിനിംഗ് സെന്ററിന് അടുത്തായി ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നത്.