phot
ജില്ല തല പട്ടയ മേളയുടെ മുന്നോടിയായുള്ള സംഘാടക സമിതി രൂപികരണ യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി 18ന് വൈകിട്ട് 4ന് പുനലൂരിൽ നടക്കുന്ന ജില്ലാതല പട്ടയ മേളയും സംസ്ഥാനതല പട്ടയ വിതരണ സമാപന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുന്നത്തൂർ,കൊല്ലം തുടങ്ങിയ താലൂക്കുകളിലെ 1141 പേർക്കാണ് പട്ടയം നൽകുന്നത്.

ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ അഫ്സാന പർവീൺ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ആർ.ഡി.ഒ ബി.ശശികുമാർ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രാദ്, എൻ.സി.പി ജില്ല പ്രസിഡന്റ് കെ.ധർമ്മരാജൻ, കെ.രാധാകൃഷ്ണൻ, ഡി.ദിനേശൻ, പി.എ.അനസ് തുടങ്ങിയവ‌ർ പങ്കെടുത്തു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജെ.ചിഞ്ചുറാണി, എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ മന്ത്രി കെ.രാജു, ജില്ലയിലെ എം.എൽ.എമാർ രക്ഷാധികാരികളായും പി.എസ്.സുപാൽ എം.എൽ.എ ചെയർമാനായും ജില്ലാ കളക്ടർ അഫ്സാന പർവീൺ കൺവീനറായും ആർ.ഡി.ഒ ബി.ശശികുമാർ ജോയിന്റ് കൺവീനറായുമുള്ള 100 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തതായി പുനലൂർ തഹസിൽദാർ അറിയിച്ചു.