കൊല്ലം: മൺ​റോത്തുരുത്തി​നെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കുണ്ടറ- മൺറോത്തുരുത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ വർഷം നാലുകഴിഞ്ഞിട്ടും കരപറ്റുന്നില്ല. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ മൺറോത്തുരുത്തിൽ വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ദിനംപ്രതി കടന്നുപോകുന്ന റോഡ് പൂർത്തിയാക്കണമെന്ന് അധികൃതർക്ക് യാതൊരു താത്പര്യവുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുൻപ് പ്രവൃത്തികൾ പൂർത്തിയാമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കുറച്ചു ജോലികൾ മാത്രം നടത്തിയ ശേഷം വീണ്ടും ബ്രേക്കിട്ടു. കാനറാ ബാങ്ക് മുതൽ പട്ടംതുരുത്ത് ടെലിഫോൺ എക്സേഞ്ച് വരെ 4 കി​ലോമീറ്റർ റോഡ് തീർത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ടും വേനലി​ൽ പൊടി​യി​ലമർന്നും നാട്ടുകാരെയും വിനോദസഞ്ചാരികളെയും വലയ്ക്കുകയാണ് ഈ റോഡ്. ഇരുചക്ര വാഹനങ്ങളിൽ പോലും യാത്ര പറ്റാതായി. അപകടങ്ങൾ പതിവായി. ഓട്ടോറിക്ഷകളും ടാക്ലികളും ഇതു വഴി പോകാറേയില്ല. കാനറാ ബാങ്ക് ജംഗ്ഷനിൽ ഇറങ്ങി നടന്നു പോവുകയേ രക്ഷയുള്ളൂ. യാത്രാദുരിതം കാരണം ടൂറിസ്റ്റുകളും തുരുത്തിലേക്ക് വരാതായി.

 വെള്ളക്കെട്ട്, പിന്നെ പൊടിശല്യം

തകർന്നു കിടന്ന കുണ്ടറ - മൺറോതുരുത്ത് റോഡിന്റെ നവീകരണ പദ്ധതി​ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്. ചിറ്റുമല മുതൽ കൊച്ചുപ്ളാംമൂട് വരെ ആദ്യഘട്ടം ബി.എം വർക്ക് നടത്തി ജോലികൾ നിറുത്തി. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ സമീപിച്ചെങ്കിലും കരാറുകാരന്റെ മനസുമാറിയില്ല. ഉപരിതലം ഉയർത്തി ടാർ ചെയ്യാതി​രുന്ന റോഡിൽ നിന്നുയരുന്ന പൊടി സഹിച്ച് മടുത്ത അവസ്ഥയിലാണ് നാട്ടുകാർ. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാകും. മഴക്കാലമായാൽ വെള്ളക്കെട്ടിൽ റോഡ് ചെളിയിലാകും.

 ഒഴിയാബാധ

ഇതിനിടെ കരാറുകാരനെ ഒഴിവാക്കി ജോലികൾ റീടെണ്ടർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. സർക്കാരിന്റെ സമ്മർദ്ദത്തെ തുർന്ന് ഈ വർഷം ആദ്യം പേഴുംതുരുത്ത് മുതൽ മുതൽ കമ്മുക്കത്ത് പളളി വരെയും പിന്നീട് കൊച്ചുപ്ളാംമൂട് വരെയും ബി.എം നടത്തിയ കരാറുകാരൻ പിന്നെയും ജോലികൾ നിറുത്തി വയ്ക്കുകയായിരുന്നു.

.............................

14 കിലോമീറ്റർ: റോഡിന്റെ ആകെ ദൈർഘ്യം

കരാർ തുക- 23 കോടി.

ജോലികൾ ആരംഭിച്ചത്. -2018ൽ

............................