
കൊല്ലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ആവിഷ്കരിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിൽ പുതുതായി 730 കർഷക ഗ്രൂപ്പുകളും 750 ഹെക്ടർ സ്ഥലത്ത് കൃഷിയും എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ കൃഷി ഉത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
വിഷാംശമില്ലാത്ത സുഭിക്ഷവും സുരക്ഷിതവുമായ കാർഷിക ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിലൂടെ ഓരോ കുടുംബങ്ങളിലും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി. മുതിർന്ന കർഷകൻ ശിവശങ്കരപ്പിള്ളയെ മന്ത്രി കെ.എൻ. ബാലഗോപാൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. ശിവപ്രസാദ്, സന്തോഷ് തുപ്പാശേരി, കെ. ഹർഷകുമാർ, രാധ രാജേന്ദ്രൻ, ദീപ്തി രവീന്ദ്രൻ, ബി. യാശോധ, അഡ്വ. അൻസർ ഷാഫി, എൻ. ഡബ്ലിയു, ഡി.പി.ആർ.എ ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. ഷീബ, കൊട്ടാരക്കര കൃഷി അസി. ഡയറക്ടർ ആർ. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.