എഴുകോൺ : ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ വെളിയത്തെയും കരീപ്രയിലെയും സംഭരണ കേന്ദ്രങ്ങളിൽ കെട്ടി കിടക്കുന്നു.
സേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ശേഖരിക്കുന്ന മാലിന്യങ്ങളാണ് സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റാതെ കിടക്കുന്നത്. വെളിയത്ത് ഗവ. മൃഗാശുപത്രി വളപ്പിലെ ഷെഡിലാണ് മാസങ്ങളായുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. തെരുവ് നായകളുടെ വന്ധ്യംകരണത്തിനും മറ്റുമായി നിർമ്മിച്ച ഷെഡാണിത്.
തരം തിരിച്ച പ്ലാസ്റ്റിക്
ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കൈമാറുന്നതിന് ക്ലീൻ കേരള കമ്പനിയുമായി വെളിയം പഞ്ചായത്ത് കരാർ വച്ചിട്ടുണ്ട്. മൂല്യമനുസരിച്ച് തരം തിരിച്ച പ്ലാസ്റ്റിക്കാണ് കമ്പനിക്ക് നൽകേണ്ടത്. തരംതിരിച്ച് നൽകാൻ വൈകുന്നതിനാലാണ് പ്ലാസ്റ്റിക്ക് കൊണ്ടുപോകാത്തതെന്നാണ് ക്ലീൻ കേരള കമ്പനി അധികൃതർ പറയുന്നു.കുറഞ്ഞത് 600 കിലോ പ്ലാസ്റ്റിക്കുണ്ടെങ്കിലേ ക്ലീൻ കേരള കമ്പനി പഞ്ചായത്ത് കേന്ദ്രത്തിലെത്തി വാങ്ങു. തരം തിരിച്ച പ്ലാസ്റ്റിക്കിന് കിലോയ്ക്ക് 3 മുതൽ 22 രൂപ വരെ കമ്പനി നൽകും . തരംതിരിക്കാത്ത പ്ലാസ്റ്റിക്ക് കൊണ്ട് പോകാൻ കിലോയ്ക്ക് 10 രൂപാ നിരക്കിൽ പഞ്ചായത്തുകൾ കമ്പനിക്ക് നൽകണം.
കരീപ്രയിൽ തെരുവോരം നിറഞ്ഞ് മാലിന്യങ്ങൾ
കരീപ്രയിൽ കർമ്മസേന ശേഖരിച്ച മാലിന്യങ്ങൾ ചാക്കിൽ കെട്ടി തെരുവോരങ്ങളിൽ ഇട്ടിരിക്കുകയാണ്. മഴ നനയാതെ പാഴ് വസ്തുക്കൾ സൂക്ഷിക്കാൻ വാർഡ് തല മിനി എം.സി.എഫുകൾ ഇല്ലാത്തതാണ് കാരണം. മിനി എം.സി.എഫുകൾ സ്ഥാപിക്കുന്നതിന് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന് പദ്ധതി തുകയിൽ നിന്ന് പത്ത് ലക്ഷം രൂപ നൽകിയിട്ട് നാളുകളായി. സ്വന്തമായി മെറ്റീരിയൽ കളക്ഷൻ സെന്റർ ഉള്ള പഞ്ചായത്താണ് കരീപ്ര . ഉളകോട് വാർഡിലെ ഈ കേന്ദ്രത്തിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന നിലയിലാണ്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ പൊടിപ്പ് കേന്ദ്രത്തിലേക്കാണ് ഇവിടെ നിന്ന് പ്ലാസ്റ്റിക് നൽകിയിരുന്നത്. സാങ്കേതിക തടസങ്ങളെ തുടർന്ന് ഇവിടേക്ക് പ്ലാസ്റ്റിക്ക് എടുക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്.ക്ലീൻ കേരള കമ്പനിക്ക് നേരിട്ട് പ്ലാസ്റ്റിക്ക് നൽകുന്നതിന് കരാർ വെയ്ക്കാത്ത ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് കരീപ്ര .
വേണ്ടത് സംയോജിത പദ്ധതി
മാലിന്യ സംസ്ക്കരണത്തിന് ഗ്രാമപ്പഞ്ചായത്തുകൾ ചേർന്ന് സംയോജിത പദ്ധതി വേണമെന്നാണ് ആസൂത്രണ രംഗത്തെ വിദഗ്‌ധർ പറയുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചട്ടങ്ങൾ പാലിച്ചു വേണം പ്ലാസ്റ്റിക്ക് സംസ്കരിക്കാൻ.