കൊല്ലം: മയ്യനാടിന്റെ രാഷ്ടീയ- സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഡി. ബാലചന്ദ്രന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി മയ്യനാട് ഗ്രാമം ഒരുക്കുന്ന സ്നേഹാദരവ് നാളെ നടക്കും. വൈകിട്ട് 4ന് മയ്യനാട് എം.എസ് കൺവൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. മുൻ മന്ത്രിമാരായ പി.കെ. ഗുരുദാസൻ, ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിക്കും. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക സംഘം ജില്ലാ വൈസ് പ്രസഡന്റ്, ആർ.സി ബാങ്ക് പ്രസിഡന്റ്, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ് ഡി. ബാലചന്ദ്രനെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ എസ്. ഫത്തഹുദ്ദീൻ, കൺവീനർ കെ.എസ്. ചന്ദ്രബാബു, സി.പി.എം ഏരിയ സെക്രട്ടറി എൻ. സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.