കൊല്ലം: എഴുകോൺ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമൊരുങ്ങുന്നു. ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. എഴുകോൺ അറുപറക്കോണം വെട്ടിലക്കോണത്ത് കെ.ഐ.പി വകയായി ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് പൊലീസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിനായി 1,53,65000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ട നിർമ്മാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. കെട്ടിലും മട്ടിലും മെച്ചപ്പെട്ട കെട്ടിടമാണ് നിർമ്മിക്കുക. സി.ഐയ്ക്കും എസ്.ഐമാർക്കും പ്രത്യേകം മുറികളും പരാതിക്കാർക്കും സന്ദർശകർക്കുമുള്ള വിശ്രമ മുറികൾ, ഹാൾ, ടോയ്ലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവയടങ്ങുന്നതാണ് കെട്ടിടം. നിലവിൽ വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുകയാണ് സ്റ്റേഷന്റെ പ്രവർത്തനം. പുതിയ കെട്ടിടമൊരുങ്ങുന്നതോടെ നിലവിലുള്ള പരിമിതികൾ മറികടക്കാനാകും.
മന്ത്രി സന്ദർശിച്ചു
എഴുകോൺ സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണജോലികൾ മന്ത്രി കെ.എൻ.ബാലഗോപാൽ വിലയിരുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി എത്തിയത്. കുറ്റമറ്റ രീതിയിൽ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.