കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വനിതാ വൈസ് പ്രസിഡന്റ് ജലജ സുരേഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച വാർഡ് അംഗം എസ്.ത്യാഗരാജനെതിരെ നിയമ നടപടി സ്വീകരിക്കുന്നതുവരെ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കോൺഗ്രസ് എഴുകോൺ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.മധുലാലും മഹിളാകോൺഗ്രസ് പ്രവർത്തകരും പറഞ്ഞു.
ഏപ്രിൽ 28ന് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് ജലജ സുരേഷിനെ അസഭ്യം പറയുകയും കൈയിൽ പിടിച്ച് കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതും. ഇത് സംബന്ധിച്ച് റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതും ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് കുറ്റാരോപിതനായ ത്യാഗരാജൻ. പഞ്ചായത്ത് ഭരണം തുടങ്ങിയശേഷം ഇത് മൂന്നാം തവണയാണ് കൈയേറ്റ ശ്രമം ഉണ്ടാകുന്നത്. മറ്റൊരു അംഗം രമണി വർഗീസിന് നേരെയും അതിക്രമം നടന്നിരുന്നു. കുറ്റക്കാരനായ ത്യാഗരാജനെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. തുടർ സമരങ്ങളും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ജലജ സുരേഷ്, മണ്ഡലം പ്രസിഡന്റ് ജലജ ശ്രീകുമാർ, ശോഭ പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.