കൊല്ലം: നഗരത്തിലെ മുഴുവൻ പരമ്പരാഗത തെരുവ് വിളക്കുകളും മാറ്റി പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒപ്പിട്ട ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതിയുടെ കരാർ നാളെ ചേരുന്ന കൗൺസിൽ യോഗം റദ്ദാക്കും.

2021 ആഗസ്റ്റിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം കരാർ റദ്ദാക്കാൻ പ്രാഥമികമായി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കരാർ കമ്പനിയായ ഇ- സ്മാർട്ട് സൊല്യൂഷൻസിനോട് 60 ദിവസത്തിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കരാറുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ആരോപണങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് 2021സെപ്തംബറിലാണ് നോട്ടീസ് നൽകിയത്. തുടർന്ന് മേയറുടെ ചേംബറിൽ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും കരാറിന്മേലുള്ള ആരോപണങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കാനുള്ള തീരുമാനം.

# പദ്ധതി ഇങ്ങനെ

നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി കമ്പനി സ്വന്തം ചെലവിൽ 23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. ആവശ്യമുള്ള പ്രകാശത്തിന്റെ അളവനുസരിച്ച് 15 മുതൽ 90 വാട്സ് വരെയുള്ള ലൈറ്റുകളാണ് സ്ഥാപിക്കുക. കേടാവുന്ന തെരുവ്‌ വിളക്കുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക കോർപ്പറേഷന് പിഴ നൽകണം. തെരുവ് വിളക്കുകളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ലായ 31.05 ലക്ഷവും അറ്റകുറ്രപ്പണിക്കായി 5 ലക്ഷവും കോർപ്പറേഷൻ പ്രതിമാസം കമ്പനിക്ക് നൽകും. ഇതിൽ നിന്ന് വൈദ്യുതി ചാർജിലെ ലാഭത്തിന്റെ പത്ത് ശതമാനം കോർപ്പറേഷന് തിരിച്ചുനൽകും.

# ആരോപണങ്ങൾ

 പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് വിരുദ്ധമായി 4 വർഷത്തിന് ശേഷം വൈദ്യുതി ചാർജ്ജിലെ വർദ്ധനവിന് ആനുപാതികമായി കമ്പനിക്കുള്ള എനർജി ചാർജ്ജ് കൂട്ടണമെന്ന പുതിയ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തി

 സർക്കാർ ഉത്തരവിന് വിരുദ്ധമായി വൈദ്യുതി ചാർജ്ജിന്റെ ജി.എസ്.ടി കോർപ്പറേഷൻ നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി

 ആവശ്യമായ പ്രകാശമില്ലാത്ത എൽ.ഇ.ഡി ലൈറ്റുകളും ഏകീകൃത സ്വഭാവമില്ലാത്ത ഫിറ്റിംഗ്സുമാണ് ആദ്യഘട്ടം സ്ഥാപിച്ചിടത്ത് ഉപയോഗിച്ചത്