photo
വത്സയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളക്കുപാറയിൽ എത്തിയ റൂറൽ എസ്.പി കെ.ബി. രവിയും സംഘവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയനോട് വിവരങ്ങൾ ആരായുന്നു.

അഞ്ചൽ: വിളക്കുപാറ സ്വദേശിനി വത്സലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര റൂറൽ എസ്.പി കെ.ബി.രവിയും സംഘവും വിളക്കുപാറയിലുള്ള വത്സലയുടെ വീട് സന്ദർശിച്ചു. രണ്ട് മാസം മുമ്പാണ് ഏരൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷിബുവിന്റെ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മാതാവിനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയായിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് റൂറൽ എസ്.പി.യും സംഘവും സംഭവ സ്ഥലം സന്ദർ‌ശിക്കുകയും അന്വേഷണം ത്വരിതപ്പെടുത്തുകയും ചെയ്തത്.