കുന്നത്തൂർ : ഭരണിക്കാവിന് സമീപം പുന്നമൂട്ടിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പുത്തൂർ സ്വദേശികളായ മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ. നിർമ്മാണ തൊഴിലാളികളായ മനു(31),ഷിനു(37), അനീഷ് (30) എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.പുന്നമൂട്ടിൽ കെട്ടിടം പണിക്കെത്തിയ ഇവർ തൊട്ടടുത്ത ഹോട്ടലിൽ നിന്നാണ് ഉച്ചയ്ക്ക് ഊണ് കഴിച്ചത്. തിരികെയെത്തി ജോലി ചെയ്യുന്നതിനിടെ തലകറക്കവും ശർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസെത്തി ഹോട്ടൽ അടപ്പിച്ചു. ഫുഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.