എഴുകോൺ : പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ കെട്ടി കിടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ മെഗാഡ്രൈവ് നടത്തുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ പറഞ്ഞു.
കരീപ്രയിലും വെളിയത്തും ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സംഭരണ കേന്ദ്രങ്ങളിൽ കുന്നുകൂടി കിടക്കുന്നുവെന്ന കേരള കൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. മാലിന്യം തരം തിരിച്ച് നൽകുന്നതിലെ അപാകതയാണ് സംഭരണ കേന്ദ്രത്തിൽ നിന്ന് സംസ്കരണ കേന്ദ്രത്തിലേക്കുള്ള നീക്കത്തിന് തടസമാകുന്നത്. ഹരിത കർമ്മ സേനാംഗങ്ങളുടെ കുറവും പഞ്ചായത്ത് തല കളക്ഷൻ സെന്ററുകളിലെ (എം.സി.എഫ്) അസൗകര്യങ്ങളുമാണ് പ്രധാന കാരണം.പരവൂർ നഗരസഭയിലും, കരീപ്ര, പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലുമാണ് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത്. പരവൂരിൽ 11 ഹരിത കർമ്മസേനാംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. ശുചിത്വ മിഷന്റെ മെഗാഡ്രൈവിലൂടെ ഇപ്പോൾ ഇത് 40 ആയി ഉയർന്നിട്ടുണ്ട്. പൂയപ്പള്ളി പഞ്ചായത്തിലെയും പ്രശ്നങ്ങളും ഏറെ കുറേ പരിഹരിച്ചു.
കരീപ്രയിൽ മെഗാഡ്രൈവ്
കരീപ്രയാണ് ശുചിത്വ മിഷൻ അടുത്ത മെഗാഡ്രൈവിനായി തിരഞ്ഞെടുത്തിട്ടുള്ള തദ്ദേശ സ്ഥാപനം. ഇവിടെ വാർഡ് തല എം.സി.എഫുകൾ സ്ഥാപിക്കുന്നതിന്10 ലക്ഷം രൂപ ബന്ധപ്പെട്ട സ്ഥാപനത്തിന് നൽകി നാളുകളേറെ ആയിട്ടും എം.സി.എഫുകൾ സ്ഥാപിച്ചിട്ടില്ല. ഇത് മൂലം വാർഡ് തലത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ മഴ നനയാതെ സൂക്ഷിക്കാനാകാതെ വലയുകയാണ് ഹരിത കർമ്മ സേന. ജില്ലയിൽ 100 ശതമാനത്തിലധികം പദ്ധതി പണം ചെലവഴിച്ച പഞ്ചായത്തുകളുടെ പട്ടികയിൽ പെടുന്നതാണ് കരീപ്ര പഞ്ചായത്ത്.