കൊല്ലം: റേഷൻ വ്യാപാരി ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തിരുവനന്തപുരം റേഷൻ വ്യാപാരി ക്ഷേമനിധി ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും.

2000ൽ ആണ് റേഷൻ വ്യാപാരി ക്ഷേമനിധി നിലവിൽ വന്നത്. 22 വർഷം പിന്നിടുമ്പോഴും സർക്കാർ വിഹിതമില്ലാത്ത ഏക ക്ഷേമനിധിയാണ് റേഷൻ വ്യാപാരി ക്ഷേമനിധി. പതിനാലായിരത്തിലധികം റേഷൻ ലൈസൻസികളും അതിലധികം സെയിൽസ് മാൻമാരും ഉള്ള ഈ മേഖലയോട് സർക്കാർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണം. മറ്റു ക്ഷേമനിധികളിൽ ക്ഷേമനിധി അംഗം അടയ്കുന്ന വിഹിതത്തിന് തത്തുല്യമായ തുക തൊഴിലുടമയും അടച്ചിരിക്കണമെന്നാണ് വൃവസ്ഥ. റേഷൻ വിതരണ മേഖലയിൽ തൊഴിലുടമ സർക്കാരാണ്. ക്ഷേമനിധി അംഗമായ ആൾ 200 രൂപ വിഹിതം അടയ്ക്കുമ്പോൾ തൊഴിലുടമയായ സർക്കാർ 200 രൂപ അടയ്ക്കേണ്ടതാണ്.എന്നാൽ സർക്കാർ ഇത് അടയ്ക്കുന്നില്ലെന്ന് ഫെഡറേഷൻ ഭാരവാഹി​കൾ ആരോപി​ച്ചു. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്നൃൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ എന്നിവർ സംസാരിക്കും.