കൊല്ലം: ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ജനം ഒഴുകിയെത്തിയതോടെ കൊല്ലം ബീച്ച് ജനസാഗരമായി. ബീച്ചി​ലേക്കുള്ള റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വൈകിട്ട് അഞ്ച് മുതൽ ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇടറോഡുകളിലൂടെ ജനം ഒഴുകി എത്തുകയായിരുന്നു.

കുടുംബസമേതം എത്തി​യവരുടെ തി​രക്കായി​രുന്നു ഏറെയും. കച്ചവടവും ഉഷാറായി​. ബീച്ച് പരിസരത്തിന് പുറമേ വാടി റോഡ്, മുണ്ടയ്ക്കൽ പാലം റോഡ്, എച്ച് ആൻഡ് സി റോഡ്, ചിന്നക്കട റോഡ് എന്നിവിടങ്ങളെല്ലാം നിറഞ്ഞു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും കുരുങ്ങി മുറുകി. സമീപകാലത്ത് ആദ്യമായാണ് ബീച്ചി​ൽ ഇത്രയധികം തി​രക്കുണ്ടാകുന്നത്.

അഡ്വഞ്ചർ പാർക്ക്, താന്നി ബീച്ച് എന്നിവിടങ്ങളിലും വൻ തിരക്കായിരുന്നു. ബീച്ചിൽ എത്താൻ കഴി​യാത്തവർ കൂട്ടത്തോടെ താന്നി ബീച്ചിലേക്കെത്തി​. തങ്കശ്ശേരിയിലും വൻ തിരക്ക് അനുഭവപ്പെട്ടു.