കൊല്ലം: ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് ഉണ്ടെന്ന് കാട്ടി സ്വന്തം നാട്ടുകാരിയെ കബളിപ്പിച്ച് മൂന്നുലക്ഷം രൂപ കൈക്കലാക്കിയ മുംബയ് സ്വദേശി പിടിയിലായി.
മഹാരാഷ്ട്ര പൻവേൽ സ്വദേശിയായ അർമൻ സഞ്ജയ് പവാറാണ് (26) അറസ്റ്റിലായത്. അഭിഭാഷകനാണെന്ന വ്യാജേന മുംബയ് സ്വദേശിനിയുടെ അമ്മയുടെ പേരിൽ ഇവിടെയുള്ള വസ്തുവിന്റെ അവകാശം കോടതി ഉത്തരവിലൂടെ വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് നിർമ്മിച്ച് നൽകി.
ഈ ഉത്തരവുമായി ആവലാതിക്കാരി രജിസ്ട്രാർ ഓഫീസിലും കോടതിയിലും എത്തിയപ്പോഴാണ് വ്യാജമാണെന്ന് അറിയുന്നത്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതി മഹാരാഷ്ട്രയിലേക്ക് കടന്നു.
വെസ്റ്റ് പൊലീസ് സംഘം മഹാരാഷ്ട്രയിൽ എത്തിയെങ്കിലും പ്രതി മൊബൈൽ നമ്പറും താമസ സ്ഥലവും ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നതിനാൽ കണ്ടെത്താനായില്ല. തുടർന്ന് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വനമേഖലക്കടുത്തുള്ള ഒരു പാറമടയിൽ ഒളിച്ച് താമസിക്കുന്നതായി മനസിലാക്കി അവിടെയെത്തി പിടികൂടുകയായിരുന്നു.