കൊട്ടിയം: ഇരട്ടകളായ സഹോദരങ്ങൾ 26 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം ഒരേ ദിവസം വിരമിച്ചത് നാടിന് കൗതുകമായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര മാമ്പറ വീട്ടിൽ സജീവ് മാമ്പറയും ജി.എസ്.ടി സ്ക്വാഡിൽ നിന്നും വിരമിച്ച രാജീവ് മാമ്പറയുമാണ് വിരമിച്ചവർ.
കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് മാമ്പറ വീട്ടിൽ ശ്രീധരപ്പണിക്കരുടെയും ജഗദമ്മയുടെയും മക്കളായ ഇരുവരും പ്രീ-ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചശേഷം പി.എസ്.സിയിലും ഒന്നിച്ചിറങ്ങി. സർവീസ് കാലത്തെ സർഗ്ഗാത്മകമാക്കിയ ഉദ്യോഗസ്ഥനാണ് സജീവ് മാമ്പറ. സംസ്ഥാന സർക്കാർ തീരുമാനപ്രകാരം കുടുംബശ്രീ മിഷൻ വഴി, ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി ബഡ്സ് സ്പെഷ്യൽ സ്കൂൾ ആരംഭിക്കുന്ന വേളയിൽ കേരളത്തിൽ രണ്ടാമതായി കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകി. തുടർന്ന് സേവനം അനുഷ്ടിച്ച പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും ഉൾപ്പെടെ 8 തദ്ദേശ സ്ഥാപനങ്ങളിൽ ബഡ്സ് സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകി.
കേരളത്തിൽ ആദ്യമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണവും പരിചരണവും നൽകുന്ന പദ്ധതി പ്രകാരം മയ്യനാട് പഞ്ചായത്തിലും ഗേൾസ് ചൈൽഡ് ഹോം ആരംഭിച്ചു. 2017ൽ മയ്യനാട് പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റശേഷം സാമൂഹ്യനീതി വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും പ്രത്യേക അനുവാദം ലഭ്യമാക്കി 20 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ പ്രോജക്ടിൽ വകയിരുത്തി. അദ്ദേഹത്തിൻ്റെ മികവുറ്റ പ്രവർത്തനത്തിന് കേരള കൗമുദിയും ഉപഹാരം നൽകി ആദരിച്ചു.