കൊല്ലം: കിഴക്കേ കല്ലടയെയും മൺറോത്തുരുത്തിനെയും ബന്ധിപ്പിക്കുന്ന ഇടിയക്കടവ് പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു. നിർമ്മാണത്തിന്റെ ആദ്യഘട്ടമായി സർവേ, മണ്ണ് പരിശോധന,
ഡിസൈൻ തയ്യാറാക്കാനുളള ഇൻവെസ്റ്റിഗേഷൻ എന്നിവയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിൽ സമർപ്പിച്ചു.
പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 22.24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എൻജിനീയർ (പാലം)
ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. വികസന സമിതിയംഗം എബ്രഹാം സാമുവൽ നൽകിയ കത്തിനുളള മറുപടിയിലാണ് ഇത് വ്യക്തമാക്കിത്.
പഴക്കം 50 വർഷം
50 വർഷത്തോളം പഴക്കമുളള പാലം പുനർനിർമ്മിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. ഭാരവാഹനങ്ങളുടെ യാത്ര പാലത്തിൽ ഇടയ്ക്ക് നിരോധിച്ചിരുന്നു. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് കരയോടു ചേർന്നുളള ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുമെന്ന നിലയിലാണ്. പാലത്തിന്റെ തൂണുകളിൽ ചെറിയ വിള്ളലുമുണ്ട്. 1973ൽ ടി.കെ. ദിവാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. മുതിരപ്പറമ്പ് മുതൽ മണക്കടവ് കായൽ വരെ മൂന്നു കിലോമീറ്റർ വരുന്ന പുത്തനാറിലാണ് പാലം. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. കൊല്ലം, കരുനാഗപ്പളളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് ചിറ്റുമല വഴി മൺറോതുരുത്തിലേക്കുളള ബസുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.
ഗ്രാമീണ ടൂറിസത്തിലൂടെ ശ്രദ്ധേയമായ മൺറോതുരുത്തിലേക്ക് ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന റോഡാണിത്. പുതിയ പാലം അനിവാര്യമാണ്
നാട്ടുകാർ