kolinchi

കുന്നിക്കോട് : ഇളമ്പൽ കോലിഞ്ചിമലയിൽ പ്രവർത്തിക്കുന്ന പാറക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ഗ്രാമപഞ്ചായത്ത് സമിതി തീരുമാനിച്ചു. ഇന്നലെ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ചേർന്ന പഞ്ചായത്ത് സമിതി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ എൽ.‌ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നൽകിയ 2020-2023 വർഷത്തെ ലൈസൻസാണ് വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി റദ്ദാക്കാൻ തീരുമാനിച്ചത്.

വിളക്കുടി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലാണ് വിവാദ പാറക്വാറി സ്ഥിതി ചെയ്യുന്നത്. അനുമതി നേടാതെ പാറ ഖനനം ചെയ്യുന്നതിനും ക്രഷർ പ്രവർത്തിക്കുന്നതിനുമെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികൾ രൂപീകരിച്ച കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ഉൾപ്പടെയുള്ളവർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഫലം കണ്ടിട്ടില്ല.

ഇതിനിടെ ക്വാറി നടത്തിപ്പുക്കാർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി നേടാതെ അനധികൃതമായി ക്വാറിക്കുള്ളിൽ കെട്ടിടം നിർമ്മിക്കാൻ ആരംഭിച്ചു. അത് ശ്രദ്ധയിൽപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും, അത് വക വയ്ക്കാതെ ക്വാറി നടത്തിപ്പുക്കാർ നിർമ്മാണം പൂർത്തിയാക്കി.

ഇത് കൂടാതെ, നടത്തിപ്പുകാർ കഴിഞ്ഞ ആഴ്ച ക്വാറിക്കുള്ളിൽ വേബ്രിഡ്ജ് സ്ഥാപിക്കാനും ശ്രമിച്ചു. എന്നാൽ, അത് കോലിഞ്ചിമല സംരക്ഷണ സമിതിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ തടഞ്ഞു. ക്വാറിക്കുള്ളിലെ പഞ്ചായത്ത് റോഡ് കൈയേറിയാണ് വേബ്രിഡ്ജ് സ്ഥാപിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു നിർമ്മാണം തടഞ്ഞത്.

പ്രതിഷേധം ഫലംകണ്ടു

ഇത്രയേറെ പ്രശ്നങ്ങൾ പാറക്വാറി നടത്തിപ്പുക്കാർ സൃഷ്ടിച്ചിട്ടും വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതർ ലൈസൻസ് റദ്ദ് ചെയ്യാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി ജോണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കോലിഞ്ചിമലയിൽ നേരിൽ കണ്ട് പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങൾ സത്യമാണെന്ന് മനസ്സിലാക്കിയിട്ടും മതിയായ നടപടി സ്വീകരിക്കാത്തതിൽ ഗ്രാമപഞ്ചായത്ത് സമിതി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാറക്വാറി നടത്തിപ്പുകാർക്ക് നൽകിയ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നടത്തിപ്പുകാർ തൃപ്തികരമായ മറുപടി നൽകാതെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടും നടപടി സ്വീകരിക്കാത്തതും ചർച്ചാ വിഷയമായി. എന്നാൽ നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് വേഗത്തിൽ തീരുമാനം കൈക്കൊള്ളാത്തതെന്ന് സെക്രട്ടറി പ്രതികരിച്ചു. ഇതെല്ലാം വിശദമായി ചർച്ച ചെയ്താണ് കോലിഞ്ചിമലയിലെ പാറക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ഇന്നലെ നടന്ന യോഗത്തിൽ ഏകകണ്ഠേന തീരുമാനിച്ചത്.