stone
കടപ്പാക്കുഴിയിലെ കൽ തൂണുകൾ

പടിഞ്ഞാറേ കല്ലട : കടപുഴ കാരാളിമുക്ക് റോഡിൽ കടപ്പാക്കുഴി ജംഗ്ഷനിലെ പഴക്കമേറിയ കളത്തട്ടിന്റെ കൽതൂണുകൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ചന്തയിൽ സാധനങ്ങൾ വിൽക്കാനായി തലച്ചുമടുമായി നടന്നുപോകുന്നവർക്ക് വിശ്രമിക്കാനായി ഉയർന്ന ഇരിപ്പിടത്തോടുകൂടി നിർമ്മിച്ചതായിരുന്നു കളത്തട്ട്. ഓടുപാകിയതായിരുന്നു മേൽക്കൂര. കാലം മാറുകയും

ഗതാഗതം മോട്ടോർ വാഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ കളത്തട്ട് വിസ്‌മൃതിയിലായി. കാലക്രമേണ നശിക്കുകയും

കൽ തൂണുകൾ മാത്രമായി കളത്തട്ട് അവശേഷിക്കുകയും ചെയ്തു.

അപകടക്കുരുക്ക്

കിഫ് ബി പദ്ധതി പ്രകാരം നവീകരണം നടക്കുന്ന കടപുഴ കാരാളിമുക്ക് റോഡ് ഹൈടെക്ക് ആയതോടെ യാത്രക്കാരുടെ തിരക്കും വാഹനങ്ങളുടെ വേഗതയും വർദ്ധിച്ചു.

മാത്രമല്ല,​ വെട്ടിയ തോട് പാലം പണി തുടങ്ങിയതോടെ കാരാളിമുക്ക് വളഞ്ഞ വരമ്പ് റൂട്ടിലെ വാഹനങ്ങൾ കടപ്പാക്കഴി വഴിയാണ് പോകുന്നത്. എതിരെ ഒരുവാഹനം വന്നാൽ യാത്രക്കാർക്ക് വശത്തേക്ക് മാറിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി അപകടങ്ങൾ കുറയ്ക്കാൻ കൽതൂണുകൾ നീക്കം ചെയ്യാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

കാരാളിമുക്ക് കടപുഴ റോഡിൽ കടപ്പാകുഴി ജംഗ്ഷനിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കളത്തട്ട് തൂണുകൾ നീക്കം ചെയ്യാൻ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.

വിനോദ് ,അസി. എക്സിക്യുട്ടീവ് എൻജിനീയർ ,

കെ.ആർ.എഫ്.ബി,​ കൊല്ലം.

കല്ലട നാടിന്റെ ചരിത്രപരമായി വളരെ പ്രധാന്യമുള്ള ഒരു കളത്തട്ടാണ് ഇത്. വാഹനാപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത് ഇവിടെ നിന്ന് മാറ്റി പൊതുജനങ്ങൾക്ക് പ്രയോജനകരമാം വിധം മാറ്റി സ്ഥാപിക്കുന്നതിന് അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കും' ഡോ.സി.ഉണ്ണികൃഷ്ണൻ ,

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,​

പടിഞ്ഞാറേക്കല്ലട .