കുന്നത്തൂർ : തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.
തുടർന്ന് പാതയോരത്തെ ഓടയിലേക്ക് ചാടി മതിലിൽ ഇടിച്ച് വാഹനം നിന്നു. കൊട്ടാരക്കര - ഭരണിക്കാവ് റോഡിൽ കുന്നത്തൂരിന് സമീപം താഴെ തൊളിക്കൽ വളവിന് സമീപം ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർ സെൽവന്റെ (37) കൈയ്ക്ക് സാരമായി പരിക്കേറ്റു. ഉടൻ തന്നെ ഡ്രൈവറെയും സഹായിയേയും നാട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് വാഹനത്തിന്റെ മകളിൽ തകർന്ന് വീഴുകയും മതിൽ ഭാഗികമായി തകരുകയും ചെയ്തു.