photo
അഷ്ടമുടി കായലിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും കുട്ടികളുടെ കേളികൊട്ടും ചേർന്ന് മൺകലങ്ങളിൽ ശുദ്ധജലം പകർന്ന് പ്രതിഷേധിക്കുന്നു

കൊല്ലം: അഷ്ടമുടിക്കായലിലെ മാലിന്യം നീക്കി ശുദ്ധിയാക്കണമെന്ന ആവശ്യവുമായി മൺകുടങ്ങളിൽ ജീവജലം പകർന്ന് പ്രതീകാത്മക പ്രതിഷേധം. പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയും കുട്ടികളുടെ കേളികൊട്ടും സംയുക്തമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മൺകലങ്ങളിൽ എട്ടുതരം ഔഷധങ്ങൾ നിറച്ചാണ് കുട്ടികളും മുതിർന്നവരും ചേർന്ന് അഷ്ടമുടി കായലിലൊഴുക്കിയത്. ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കായലിൽ മാലിന്യം നിറയുകയാണ്. ഈ ഘട്ടത്തിലാണ് പ്രതീകാത്മക സമരവുമായി സംഘടനകൾ രംഗത്ത് വീണ്ടും എത്തിയത്. തുടർ പരിപാടികളും സംഘടിപ്പിക്കുമെന്ന് മുഖ്യ സംഘാടകരായ വിശ്വൻ കുടിക്കോടും ദേവിപ്രസാദ് ശേഖറും അറിയിച്ചു. തുടർന്ന് പ്രാക്കുളം ഫ്രണ്ട്സ് ക്ളബ്ബിൽ നടന്ന യോഗം നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശ്വൻ കുടിക്കോട് അദ്ധ്യക്ഷത വഹിച്ചു. അക്കോക്ക് ജില്ലാ പ്രസിഡന്റ് അനിൽ ആഴാവീട്, രാജേഷ് തിരുവല്ല, ദേവിപ്രസാദ് ശേഖർ, ചിത്രകാരൻ കെ.വി.ജ്യോതിലാൽ, ധന്യ തോന്നല്ലൂർ, കോട്ടാത്തല ശ്രീകുമാർ, മനോജ്, വിഷ്ണു, ജയസൂര്യ, ഗൗതം എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ അപ്സര ശശികുമാർ, സദാശിവൻ, ഇളവൂർ ശശി, മധു തട്ടാമല, അക്ഷര കൃഷ്ണൻ, ആഗ്ന കൃഷ്ണൻ, എം.എസ്.അജേഷ്, മണിലാൽ എന്നിവർ പങ്കെടുത്തു. മജീഷ്യൻ തങ്കപ്പൻ സദാശിവൻ മാജിക് അവതരിപ്പിച്ചു.