കൊല്ലം: ചന്ദനത്തോപ്പ് ജംഗ്ഷനിൽ നിന്നു ഹാൾട്ട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലെവൽക്രോസിലേക്കുള്ള റോഡിൽ റെയിൽവേ അശാസ്ത്രീമായി സ്ഥാപിച്ച ക്രോസ് ബാർ തൂണുകൾ വഴിമുടക്കിയായി.
കൊല്ലം- പുനലൂർ റൂട്ടിൽ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകളുടെ സുരക്ഷയ്ക്കാണ് ലെവൽ ക്രോസുകളിലേക്കുള്ള റോഡിൽ ക്രോസ് ബാർ സ്ഥാപിച്ചത്. വൈദ്യുതി ലൈനിന്റെ നിശ്ചിത അകലത്തിൽപ്പോലും വൈദ്യുതി പ്രസരണത്തിന് സാദ്ധ്യതയുണ്ട്. കൂടുതൽ ഉയരമുള്ള വാഹനങ്ങൾ കയറിയുള്ള അപകടങ്ങൾ ഒഴിവാക്കുകയാണ് ക്രോസ് ബാറിന്റെ ലക്ഷ്യം. പക്ഷേ 10 മീറ്റർ വീതിയുള്ള ഈ വഴിയുടെ ഒരുവശത്തെ ഒന്നര മീറ്റർ കവർന്നെടുത്താണ് ക്രോസ് ബാറിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ രണ്ട് കാറുകൾക്കൊപ്പം ഒരു ഇരുചക്ര വാഹനവും സുഗമമായി ഇതുവഴി കടന്നുപോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ദിശയിലൂടെ മാത്രമേ ഈ ഭാഗത്ത് ഗതാഗതം സാദ്ധ്യമാകൂ. തൂണിന്റെ കോൺക്രീറ്റ് പുട്ടിംഗ് തറനിരപ്പിനെക്കാൾ ഉയർന്നുനൽക്കുകയാണ്. ഈ പുട്ടിംഗിൽ തട്ടി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും മറിയുന്നതും പതിവായിരിക്കുകയാണ്.
സമാന്തര പാതയും അലമ്പാക്കി!
റെയിൽവേ ഗേറ്റിൽ കുടുങ്ങാതെ കൊല്ലം തേനി ദേശീയപാതയിൽ പ്രവേശിക്കാൻ ഇളമ്പള്ളൂർ മുതൽ കരിക്കോട് വരെ റെയിൽവേ ലൈനിന് സമാന്തരമായി പുതിയ റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്ന തരത്തിലും രണ്ട് ക്രോസ് ബാറുകളുടെ ഓരോ തൂണുകൾ റോഡിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് റെയിൽവേ നടത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ അവർക്ക് തോന്നിയതു പോലെ കാര്യങ്ങൾ ചെയ്യുകയാണ്. എത്രയും വേഗം തൂണുകൾ മാറ്റിസ്ഥാപിച്ച് ഗതാഗതം സുഗമമാക്കണം
ചന്ദനത്തോപ്പ് സുജീഷ്, ചന്ദനത്തോപ്പ് പൗരസമിതി പ്രസിഡന്റ്