മന്ത്രി കെ.എൻ.ബാലഗോപാൽ ആമുഖ ഫലകം ഇന്ന് അനാച്ഛാദനം ചെയ്യും
കൊല്ലം: കൊട്ടാരക്കരയുടെ ചരിത്ര സ്മാരകമായ കച്ചേരിമുക്കിലെ മൂന്നുവിളക്കിനൊപ്പം ഇനി ഇന്ത്യൻ ഭരണഘടനയുടെ ആമുഖശിലയും! സ്ഥിരമായി നിലനിൽക്കുന്നവിധമാണ് ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖമെഴുതിയ ശില ഇവിടെ സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ആമുഖ ഫലകം അനാച്ഛാദനം ചെയ്യും. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഭാഗമായ കച്ചേരിമുക്കിലെ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപത്താണ് കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായി മൂന്നുവിളക്ക് സ്ഥിതിചെയ്യുന്നത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ച മൂന്നുവിളക്കിനെ ഇപ്പോഴും ഭയഭക്തി ബഹുമാനത്തോടെയാണ് നാട്ടുകാർ കാണുന്നത്. വിശ്വാസത്തിന്റെ ഭാഗവുമാണ്. ത്രിശൂലത്തിന്റെ മാതൃകയിലാണ് അന്ന് വിളക്ക് സ്ഥാപിച്ചത്. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പഴമയ്ക്ക് മങ്ങലേറ്റിരുന്നെങ്കിലും അടുത്തകാലത്ത് നഗരസഭ മുൻകൈയെടുത്ത് മൂന്നുവിളക്കും പരിസരവും നവീകരിച്ചു. ചുറ്റും സ്റ്റീൽ വേലി കെട്ടി സംരക്ഷണമൊരുക്കി. സമീപത്തെ മരത്തിന് കീഴിലായി വിശ്രമ കേന്ദ്രവും ഒരുക്കി. ഇപ്പോൾ ഭരണഘടനയുടെ ആമുഖവും അതിന്റേതായ പ്രാധാന്യം നൽകി സ്ഥാപിക്കുന്നതോടെ കച്ചേരിമുക്കിന് കൂടുതൽ പ്രാമുഖ്യം കൈവരികയാണ്. പൊലീസ് സ്റ്റേഷന്റെ തൊട്ടു മുന്നിലായതിനാൽ ഇവയുടെ സംരക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരുന്നുമില്ല. ഇതോടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവടക്കം പ്രസംഗിച്ചിട്ടുള്ള മണികണ്ഠൻ ആൽത്തറയുടെ മഹത്വവും ഏറുകയാണ്.
" ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന് ഇന്ന് നഗരസഭയിൽ തുടക്കമാകുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭരണഘടനയുടെ ആമുഖമെഴുതിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കച്ചേരിമുക്കിൽ സ്ഥിരമായി ആമുഖമെഴുതിയ ശില സ്ഥാപിക്കുന്നതിൽ അഭിമാനമുണ്ട് "
എ.ഷാജു, നഗരസഭ ചെയർമാൻ