
200 ചാക്ക് അരി കൂടുതൽ, 100 ചാക്ക് ഭക്ഷ്യധാന്യങ്ങൾ കുറവ്
കൊല്ലം: കൊട്ടാരക്കര സപ്ലൈ ഓഫീസ് പരിധിയിലെ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ ജനുവരിയിൽ പുതുതായി ആരംഭിച്ച പൂയപ്പള്ളി എൻ.എഫ്.എസ്.എ ഗോഡൗണിൽ വൻ ക്രമക്കേട് കണ്ടെത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗോഡൗണിൽ 200 ചാക്ക് അരി കൂടുതലായി കണ്ടെത്തി. മട്ട അരി, ഗോതമ്പ്, പച്ചരി എന്നീ ഇനങ്ങളിലായി 100 ചാക്ക് യഥാർത്ഥ കണക്കിനേക്കാൾ കുറവുമായിരുന്നു.
റേഷൻകടകളിലേക്ക് വിതരണത്തിനുള്ള ബില്ല് അടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന അരിയാണ് കൂടുതലായി കണ്ടെത്തിയതെന്ന് കരുതുന്നു. ബില്ല് അടിച്ചതിനേക്കാൾ ഗോതമ്പ്, പച്ചരി, മട്ടഅരി എന്നിവ കൂടുതൽ വിതരണം ചെയ്തതാണ് സ്റ്റോക്കിൽ കുറവ് ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം. ഇവ കരിഞ്ചന്തയിലേക്ക് കടത്തിയതാണോയെന്നും സംശയമുണ്ട്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗൗഡോണിലേക്കും അവിടെ നിന്ന് റേഷൻകടകളിലേക്കും ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ ഗോഡൗണുകളിൽ നിന്നുള്ള റേഷൻ കടത്ത് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
മറുപടിയില്ലാതെ ഉദ്യോഗസ്ഥർ
സ്റ്റോക്കിലെ വ്യത്യാസത്തെക്കുറിച്ച് പരിശോധനാ സംഘം ആരാഞ്ഞെങ്കിലും ഗോഡൗണിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി മറുപടി ഇല്ലായിരുന്നു. പൊതുവിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ക്രമക്കേടാണ് ഗോഡൗണിൽ സംഭവിച്ചിരിക്കുന്നത്. അന്വേഷണത്തിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ ഡിപ്പോ ഇൻ ചാർജ് അടക്കമുള്ള ഉദ്യോഗസ്ഥരുടെയും സപ്ലൈകോ ഡിപ്പോ മാനേജരുടെയും പേരിൽ ബാദ്ധ്യതയായി ചുമത്താനാണ് സാദ്ധ്യത.