കൊട്ടാരക്കര: ഇഞ്ചക്കാട് കോടിയാട്ടുകാവിന് സമീപം അപകടങ്ങൾ പതിവാകുന്നു. ഇവിടെ ട്രാഫിക് സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇഞ്ചക്കാട് സിംഫണി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം കെ.എസ്.ടി.പിക്കും പൊതുമരാമത്തു മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകി. എം.സി റോ‌ഡ് നവീകരണത്തിന് ശേഷം ഈ ഭാഗത്ത് വലുതും ചെറുതുമായ അഞ്ഞൂറിലധികം റോഡപകടങ്ങൾ ഉണ്ടാകുകയും മുന്നൂറോളം പേർക്ക് സാരമായി പരിക്കേൽക്കുകയും നാൽപ്പതിലേറെപ്പേർക്ക് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

റോഡ് പണിയിലെ അശാസ്ത്രീയതയും അപാകതയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. റോഡ് നവീകരണത്തോടെ കോടിയാട്ടുകാവിന് സമീപം വളവുകൾ രൂപപ്പെട്ടു. ഇതുമൂലം ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. കാൽനട യാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്.

രാത്രിയിലാണ് അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതും ഉള്ളവ വോൾട്ടേജ് ക്ഷാമം മൂലം കത്താത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.

സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കെ.എസ്.ടി.പി

കൊട്ടാരക്കര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അസിസ്റ്റന്റ് എൻജിനീയറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയാൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.