പുനലൂർ : പഴകുളം പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുബത്തെ റിപ്പർ മോഡലിൽ ചുറ്റിക കൊണ്ട് അക്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പുനലൂർ പൊലീസിന്റെ പിടിയിലായി. കക്കോട് ബദരിയ ഹൗസിൽ ഹാരിസിനാണ് തലക്ക് പരുക്കേറ്റത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടകരമായ നിലയിൽ കാറിനെ ഇടിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായി ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും മർദ്ദനമേറ്റിരുന്നു.
പുനലൂർ ചൌക്ക റോഡിൽ വച്ചായിരുന്നു സംഭവം.
പ്രതിയായ പുനലൂർ മൂസാ വരിക്കുന്ന് സ്വദേശി ആൽഫിന മൻസിലിൽ അംജിത്തിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിയായ തൊളിക്കോട് കാഞ്ഞിരംവിള വീട്ടിൽ റോബിനാണ് ഇപ്പോൾ അറസ്റ്റിലായത്. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ സി.ഐ.ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്. ഐ .ഹരീഷ്, എ.എസ് .ഐ. അമീൻ, സി.പി.ഒ. മാരായ രഞ്ജിത്ത്, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.