കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമായ ആശ്രാമത്ത് ശലഭോദ്യാനം ഒരുങ്ങുന്നു.
പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സഹകരണതോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. എ.വി. സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.
ഉദ്യാനം ഒരുക്കുന്ന 10 സെന്റിൽ ശലഭങ്ങളെ ആകർഷിക്കുന്ന നിർമാതളം, നാരകം, വയണ, കരിവേപ്പ് തുടങ്ങിയവയുടെ തൈകൾ വച്ചു പിടിപ്പിച്ചായിരുന്നു തുടക്കം. ശലഭോദ്യാനവും മിയാവാക്കി വനവും ഒരുക്കാൻ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് 15 ലക്ഷം കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു. ഉദ്യാനത്തിനായി 6 ലക്ഷം ചെലവഴിക്കും. ഉദ്യാനത്തിന്റെ മദ്ധ്യത്തിൽ പ്രത്യേക പാത ഒരുക്കി സന്ദർശകർക്ക് ശലഭങ്ങളെ കാണാനുളള സൗകര്യമൊരുക്കും. മരങ്ങളുടെ പേരു രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിക്കും. അഷ്ടമുടി കായൽ തീരത്തെ കണ്ടൽകാടുകളും 57 ഹെക്ടർ ഭൂമിയും ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി (പൈതൃക കേന്ദ്രം) 2019ൽ സർക്കാർ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശമായ കണ്ടൽ കാടുകളും, അറുപതോളം ഇനം പക്ഷികളുടെ ആവാസ വ്യവസ്ഥയും മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവുമാണ് പൈതൃക കേന്ദ്രം.
മിയാവാക്കി വനവും
ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തോടു ചേർന്ന് മിയാവാക്കി വനം ഒരുക്കാൻ 10 സെന്റ് അനുവദിച്ചു. ജൈവ വൈവിദ്ധ്യ ബോർഡിന്റെ നേതൃത്വത്തിൽ നിർവഹണ ഏജൻസിയെ കണ്ടെത്തി ഉടൻ പ്രവർത്തനം ആരംഭിക്കും.
കൊല്ലത്തിനു പുറമേ തിരുവനന്തപുരം കൊല്ലേരി, നെയ്യാറ്റിൻകര, ഇടവ, പുളിമാത്ത് എന്നിവടങ്ങളിലും ബോർഡ് മിയാവാക്കി വനങ്ങൾ ഒരുക്കുന്നുണ്ട്. ജപ്പാനിലെ യോക്കോഹാമ സർവകലാശാലയിലെ സസ്യശാസ്‌ത്ര പ്രൊഫസറായിരുന്ന അകിര മിയാവാക്കി ആവിഷ്‌കരിച്ച വനവത്കരണ രീയിയാണ് മിയാവാക്കി. പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ സസ്യങ്ങളുടെയും മരങ്ങളുടെ ശേഖരമാണിത്.