fire

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊടിയിടിഞ്ഞ് തൊഴിലാളി മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാറാണ് (47) മരിച്ചത്. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്തു.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കരാറുകാരനായ ഹരിക്കൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഗിരീഷ് കുമാർ കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുമ്പോൾ അടിയിലെ തൊടി ഇടിഞ്ഞു. തൊട്ടുപിന്നാലെ മുകളിലെ തൊടികളും ഒന്നൊന്നായി ഇടിഞ്ഞ് മണ്ണ് ഗിരീഷ് കുമാറിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.

32 അടി താഴ്ചയുള്ളതാണ് കിണർ. കുണ്ടറ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയെങ്കിലും മണ്ണ് വെട്ടിമാറ്റുക പ്രായോഗികമല്ലെന്ന് കണ്ടെത്തി. വൈകിട്ട് ആറോടെ രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും രണ്ട് ചെറിയ ബോബ് കാറ്റ് യന്ത്രങ്ങളും എത്തിച്ച് കിണറിന് സമാന്തരമായി 25 അടിയോളം ആഴത്തിൽ മണ്ണ് നീക്കിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബീനയാണ് ഭാര്യ. മക്കൾ: അനന്തു, അക്ഷയ്.