vv

കൊല്ലം: കുടുംബം പട്ടിണിയിലാകാതിരിക്കാൻ തൊഴിൽ തേടിയുള്ള ഒരു ഗൃഹനാഥന്റെ യാത്രയാണ് കഴിഞ്ഞദിവസം വെള്ളിമണ്ണിൽ കിണറിടിഞ്ഞ് ഗിരീഷ് കുമാർ എന്ന തൊഴിലാളിയുടെ മരണത്തിൽ കലാശിച്ചത്.

കിണർ ഇറയ്ക്കാനുണ്ടോയെന്ന് വീടുവീടാന്തരം കയറിയിറങ്ങി ചോദിച്ചാണ് ഗിരീഷ് വെള്ളിമണ്ണിലെ വീട്ടിലെത്തിയത്. കിട്ടിയ ജോലി ഭംഗിയായി പൂർത്തിയാക്കിയ ഗിരീഷ്, കൂലി വാങ്ങി വീട്ടിലേക്ക് വേഗം മടങ്ങാമെന്ന പ്രതീക്ഷയിലാണ് കിണറ്റിനുള്ളിൽ നിന്ന് മുകളിലേക്കുള്ള അദ്യപടി ചവിട്ടിയത്. പക്ഷേ മരണം മണ്ണിടിച്ചിലായി ഗിരീഷ് കുമാറിന്റെ തലയ്ക്ക് മീതെ പതിക്കുകയായിരുന്നു.

വെള്ളം കുറവായിരുന്ന കിണർ ഗിരീഷ് കുമാർ വൃത്തിയാക്കിയതോടെ ഉറവ തെളിഞ്ഞു. വയൽക്കരയായതിനാൽ മണ്ണിന് ഉറപ്പ് കുറവായിരുന്നു. ഏകദേശം 70 വർഷം പഴക്കമുള്ളതായിരുന്നു കിണർ. കോൺക്രീറ്റ് ഇറക്ക് തൊടികൾ സമീപകാലത്ത് സ്ഥാപിച്ചതാണെങ്കിലും നനഞ്ഞ മണ്ണിന്റെ സമ്മർദ്ദം താങ്ങാനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. 13 അടി ഉയരത്തിലുള്ള കോൺക്രീറ്റ് തൊടികൾ നിമിഷ നേരത്തിനുള്ളിൽ തകർന്ന് ഗിരീഷ് കുമാറിന് മുകളിലേക്ക് പതിച്ചു.

ഒന്ന് അനങ്ങാൻ പോലുമായില്ല

മുകളിലേക്ക് കയറാൻ ചവിട്ടിയ ആദ്യ തൊടി ഇടിഞ്ഞു. പിന്നീട് മുകളിലേക്കുള്ള തൊടികൾ നിമിഷനേരത്തിനുള്ളിലാണ് ഇടിഞ്ഞുവീണത്. അതുകൊണ്ട് തന്നെ ഒന്നനങ്ങാനോ ഉച്ചത്തിൽ നിലവിളിക്കാനോ പോലും ഗിരീഷ് കുമാറിന് സമയം കിട്ടിയില്ല. എഴുന്നേറ്റ് നിൽക്കുന്ന തരത്തിലാണ് മണ്ണിനടിയിൽ ഗിരീഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

തൊഴിൽ സ്തംഭനത്തിന്റെ ഇര

കാഷ്യു കോർപ്പറേഷന്റെ പരുത്തൻപാറ ഫാക്ടറിയിലെ വറുപ്പ് തൊളിലാളിയായിരുന്നു ഗിരീഷ് കുമാർ. ഭാര്യ ബീന ഇതേ ഫാക്ടറിയിലെ പീലിംഗ് തൊഴിലാളിയും. ഫാക്ടറി അടഞ്ഞുകിടക്കുന്നതിനാൽ രണ്ടുപേർക്കും കഴിഞ്ഞ നാല് മാസമായി ജോലിയില്ല. അതിന് മുമ്പ് ബീനയ്ക്ക് വല്ലപ്പോഴുമായിരുന്നു ജോലി. ഫാക്ടറി തുറക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഗിരീഷ് കിണർ പണിക്ക് ഇറങ്ങിയത്. കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഗിരീഷിന് ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമായിരുന്നില്ല.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

 13 അടിയോളം മണ്ണിടിഞ്ഞ കിണറ്റിൽ സമീപകാലത്ത് ആദ്യമായാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നത്

 ആദ്യം ഒരു ജെ.സി.ബിയാണ് എത്തിച്ചത്. 25 അടി താഴ്ചയിലേക്ക് പോകാൻ ഒരു ദിവസത്തിലേറെ വേണ്ടിവരുമെന്ന് ഉറപ്പായതോടെ രാത്രി വീണ്ടും രണ്ട് ജെ.സി.ബികളും അനുബന്ധ യന്ത്രങ്ങളും എത്തിച്ചു

 കുണ്ടറ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എസ്.ആർ. ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസക്യൂ ഓഫീസർമാരായ ജിബിൻ ജോൺസൺ, അനുബ്, ദിനുരാജ്, അനീഷ്, എബിൻ, ഹോം ഗാർഡ് സുരേഷ് കുമാർ, ഡ്രൈവർമാരായ നസിമുദ്ദീൻ, ഷാജഹാൻ, പ്രമോദ് കടപ്പാക്കട ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്