
തൊടിയൂർ: ടോറസ് ലോറിയിൽ കർണാടകയിലെ ബെല്ലാരിയിലേക്ക് ലോഡുമായി പോയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കല്ലേലിഭാഗം മീനത്തുവിളയിൽ മോഹനനാണ് (44) മരിച്ചത്.
കഴിഞ്ഞ 30ന് ചവറയിൽ നിന്ന് പഴയ ഷട്ടറിംഗ് ജാക്കിയുമായി സഹായിക്കൊപ്പം ബെല്ലാരിയിലെ എസ്.എൻ സ്റ്റീൽസിലേക്ക് പോയ മോഹനൻ 2ന് വൈകിട്ട് 6 ഓടെ എത്തിയതായി ഭാര്യ രന്യയെ വിളിച്ചറിയിച്ചിരുന്നു. അന്ന് രാത്രി 11.52നും മോഹനൻ ഭാര്യയെ വിളിച്ചിരുന്നു. അടുത്ത ദിവസം രാവിലെ രന്യ മോഹനനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് നിരവധി തവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ബുധനാഴ്ച രാവിലെ ഫോൺ സ്വിച്ച് ഓഫായി.
സഹായിയും ഡ്രൈവറുമായ പുത്തൻസങ്കേതം സ്വദേശി ലാലുമായി ബന്ധപ്പെട്ടപ്പോൾ രാത്രി ഭക്ഷണം വാങ്ങാൻ താൻ സമീപത്തെ ഹോട്ടലിൽ പോയെന്നും ഈ സമയം മോഹനൻ വാഹനത്തിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നെന്നും ഭക്ഷണവുമായി തിരികെവന്നപ്പോൾ കാണാനില്ലെന്നുമായിരുന്നു മറുപടി. രാവിലെയും മോഹനനെ കാണാതിരുന്നതോടെ മറ്റൊരാളുടെ സഹായത്തോടെ ലാലു തോരണഗല്ലു പൊലീസിൽ പരാതി നൽകി.
പൊലീസും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിൽ മോഹനന്റെ ഫോൺ അതേ ടവർ ലൊക്കേഷനിൽ ഉള്ളതായി സ്ഥിരീകരിച്ചു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഒടുവിൽ ഫാക്ടറിക്കുള്ളിൽ നിന്ന് ബുധനാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തി. റംസാൻ അവധിയായിരുന്നതിനാൽ ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ബെല്ലാരിയിലേക്ക് പോയ മോഹനന്റെ ബന്ധുക്കൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.