quarry
കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

കുന്നിക്കോട് : കോലിഞ്ചിമല സംരക്ഷണ- സമര സമിതിയുടെ നേതൃത്വത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പാറക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ വൈകുന്നതിലും അതിന് വേണ്ടി ക്വാറി നടത്തിപ്പുക്കാർക്ക് കഴിഞ്ഞ ദിവസം നൽകിയ നോട്ടീസിലുള്ള കാരണങ്ങളുടെ വ്യക്തതക്കുറവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കോലിഞ്ചിമലയിൽ പ്രവർത്തിക്കുന്ന പാറക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ക്വാറിക്കുള്ളിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ചതും വേബ്രിഡ്ജ് സ്ഥാപിക്കാൻ ശ്രമിച്ചതുമാണ് ഇതിന് കാരണമായി മിനിട്ട്സിൽ പറയുന്നത്. എന്നാൽ ക്വാറി നടത്തിപ്പുകാർക്ക് നൽകിയ നോട്ടീസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള ക്വാറിയുടെ പ്രവർത്തനാനുമതി മാർച്ച് 31ന് കഴിഞ്ഞതിനാലും അത് പുതുക്കിയ സാക്ഷ്യപത്രം നാളിതുവരെ ഗ്രാമപഞ്ചായത്തിൽ ഹാജരാക്കാത്തതിനാലും ലൈസൻസ് റദ്ദ് ചെയ്യുന്നു എന്നായിരുന്നു നോട്ടീസ്. അതേ സമയം ബുധനാഴ്ച രാത്രി പാറക്വാറിയിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന സാമഗ്രികൾ കയറ്റിയ ലോറികൾ കോലിഞ്ചിമല സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. ക്വാറി നടത്തിപ്പുകാർ അനുമതി നേടാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൊണ്ടുവന്ന സാമഗ്രികളാണ് തടഞ്ഞതെന്ന് സമിതിയംഗങ്ങൾ പറഞ്ഞു. നോട്ടീസ് പരിശോധിച്ച കുന്നിക്കോട് എസ്.എച്ച്.ഒ. പി.ഐ.മുബാറക്ക് അതിൽ വ്യക്തതക്കുറവുണ്ടെന്നും വ്യക്തമായ നോട്ടീസ് ലഭിച്ചാൽ മാത്രമേ നിയമ സഹായം നൽകാൻ കഴിയൂ എന്നും അറിയിച്ചു.എന്നാൽ ഇന്നലെ ക്വാറി നടത്തിപ്പുക്കാർ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. സംരക്ഷണ സമിതിയംഗങ്ങൾ അനുമതി കൂടാതെ ക്വാറിക്കുള്ളിൽ പ്രവേശിച്ച് നി‌ർമ്മാണം തടസപ്പെടുത്തി, രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയെന്നായിരുന്നു പരാതിയിൽ.

വൈകിട്ട് നാലോടെ സംരക്ഷണ സമിതിയംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനെ കണ്ട് പുതിയ നോട്ടീസ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് കാലതാമസം വരുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇതേ തുടർന്ന് സമിതിയംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

അഞ്ച് മണിയായപ്പോൾ ജീവനക്കാരെ പുറത്ത് പോകാൻ സമ്മതിച്ചില്ല. വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് 6 മണിയായപ്പോൾ പ്രസിഡന്റ് ഇടപെട്ട് പുതിയ നോട്ടീസ് പാറക്വാറി നടത്തിപ്പുകാർക്കും പൊലീസിനും നൽകി .പാറക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കൂടിയ ഗ്രാമപഞ്ചായത്ത് സമിതി യോഗത്തിൽ സെക്രട്ടറി സജി ജോണിനെതിരെ ഭരണ സമിതിയംഗങ്ങൾ രൂക്ഷവിമർശനം നടത്തിയിരുന്നു. ബുധനാഴ്ച മുതൽ പത്ത് ദിവസത്തേക്ക് സജി ജോൺ അവധിയിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറി ഓഫീസിൽ എത്തി ഫയലുകൾ നോക്കിയത് ദുരൂഹമാണെന്ന് കോലിഞ്ചിമല സംരക്ഷണ സമിതിയംഗങ്ങൾ ആരോപിച്ചു.