
ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ കരുണാലയത്തിലെ അന്തേവാസികൾ 'മുഖ്യാതിഥി'കളായ ലഘു ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ- ആർ.എസ്. പ്രീത ദമ്പതികളുടെ മകൾ ആർദ്ര വി.ലാൽ വിവാഹിതയായി. ആഡംബരങ്ങളും ധൂർത്തും ഒഴിഞ്ഞുനിന്ന വിവാഹവേദിയിൽ, ചിറക്കര എം.ടി. സദനത്തിൽ പരേതനായ ശശിധരൻ പിള്ളയുടെയും ബേബി അമ്മയുടെയും മകൻ ബി.എസ്. ബ്രിജിത്താണ് ആർദ്രയ്ക്ക് താലി ചാർത്തിയത്.
ചാത്തന്നൂർ സബ് രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ 10.30നായിരുന്നു വിവാഹം. വധൂവരൻമാരുടെ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. താലി കെട്ടി മാല ചാർത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് അന്തേവാസികൾക്കൊപ്പം വിവാഹസദ്യ.
സി.പി.ഐ ദേശീയ കമ്മിറ്റി അംഗം അഡ്വ. എൻ. അനിരുദ്ധൻ, സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, കെ.ആർ. മോഹനൻ പിള്ള, സിസ്റ്റർ ദീപ്തി, ഫാ. രാജു, സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ രാജേന്ദ്രകുമാർ, ആലപ്പാട്ട് ശശിധരൻ, ദേവദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അന്തേവാസികൾക്കും ജീവനക്കാർക്കും വധൂവരൻമാരുടെ സമ്മാനമായി പുതുവസ്ത്രങ്ങളും നൽകി.