indira-amma-68

കുന്നത്തൂർ: വീടിനോട് ചേർന്നുള്ള കല്ലടയാറ്റിൽ ചാടി വീട്ടമ്മ മരിച്ചു. കുന്നത്തൂർ കിഴക്ക് ഇന്ദു ഭവനിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ ഇന്ദിരയമ്മയാണ് (68) മരിച്ചത്. ഇന്നലെ പുലർച്ചെ മുതൽ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഇന്ദിരയമ്മ എത്താൻ സാദ്ധ്യതയുള്ളിടത്തെല്ലാം ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ 9 ഓടെ ജമ്മു കാശ്മീരിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന മകൻ ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് കല്ലടയാറ്റിൽ തെരച്ചിൽ നടത്തിയത്. ശാസ്താംകോട്ട പൊലീസും സ്ഥലത്തെത്തിയിരുന്നു. 11.30 ഓടെ കുന്നത്തൂർ കൊക്കാംകാവ് ക്ഷേത്രക്കടവിനോട് ചേർന്നുള്ള ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദു, ശ്രീകുമാർ. മരുമക്കൾ: രവീന്ദ്രൻ പിള്ള, ജിനി.