ചാത്തന്നൂർ: ഇത്തിക്കര പാരിപ്പള്ളിയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്, പാതയോരത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ കരാർ എടുത്തവർ മുറിച്ചിട്ട മരത്തിന്റെ ബാക്കി ഭാഗങ്ങൾ അവശേഷിപ്പിക്കുന്നത് അപകടക്കെണിയാവുന്നു.
കഴിഞ്ഞ ദിവസം സ്പിന്നിംഗ് മില്ലിന് സമീപം രാത്രി 7 മണിയോടെ, ഇതേപോലൊരു മരച്ചില്ലയിൽ തട്ടി ഓട്ടോ മറിഞ്ഞു ഡ്രൈവർ വരിഞ്ഞം രാകേഷ് ഭവനിൽ രാകേഷിന് (38) സാരമായി പരിക്കേറ്റു. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. വശങ്ങളിൽ മരച്ചില്ലകൾ തട്ടി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. യാത്രക്കാരും പ്രദേശവാസികളും കച്ചവടക്കാരും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. രണ്ടാഴ്ചമുമ്പ് സ്പിന്നിംഗ് മില്ലിന് സമീപം മരച്ചില്ലകളിൽ തട്ടി ബൈക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റിരുന്നു.