
കൊല്ലം: ലോഡ് പൂർണമായും കയറ്റാതെയുള്ള തൊഴിലാളികളുടെ പുതിയ സമരമുറയിൽ എഫ്.സി.ഐ കൊല്ലം ഗോഡൗണിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം സ്തംഭിച്ചു. ഹൈക്കോടതി അട്ടിക്കൂലി നിരോധിച്ചതോടെയാണ് തൊഴിലാളികളുടെ പുതിയ സമരതന്ത്രം.
സമരം തുടർന്നാൽ ജില്ലയിലെ റേഷൻവിതരണം വരും ദിവസങ്ങളിൽ ഭാഗികമായി തടസപ്പെടാൻ സാദ്ധ്യതയുണ്ട്. 10, 12 ടൺ വീതം ഭാരം ചുമക്കാൻ ശേഷിയുള്ള ലോറികളാണ് കൊല്ലം എഫ്.സി.ഐ ഗോഡൗണിൽ നിന്നുള്ള ചരക്ക് നീക്കത്തിന് കരാറിലുള്ളത്. ഈ ലോറികളിൽ 205 ചാക്ക് ഭക്ഷധാന്യം വീതമാണ് നേരത്തെ കയറ്റിവിട്ടിരുന്നത്.
എന്നാൽ ഇന്നലെ തൊഴിലാളികൾ സംഘടിതമായി 160 ചാക്ക് വീതമേ കയറ്റാൻ തയ്യാറായുള്ളു. ഗോഡൗൺ അധികൃതർ 205 ചാക്കുകൾ വീതം കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ നിരസിച്ചു. ഇതോടെ 160 ചാക്കുകൾ കയറ്റിയ നാല് ലോറികൾ മറ്റ് സപ്ലൈകോ ഗോഡൗണുകളിലേക്ക് പോകാനാകാതെ കൊല്ലത്ത് തന്നെ കിടക്കുകയാണ്.
താലൂക്ക് ഓഫീസർ ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ലോഡും കയറ്റാൻ തൊഴിലാളികൾ തയ്യാറായില്ല. ലോറികൾ ഗൗഡൗണിൽ നിന്ന് പുറത്തു പോകണമെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും മുഴുവൻ ലോഡും കയറ്റാതെ പുറത്തേക്ക് പോകില്ലെന്ന് സിവിൽ സപ്ലൈസ് അധികൃതർ നിലപാടെടുത്തു.
സപ്ലൈകോ കൊല്ലം, കൊട്ടാരക്കര ഗോഡൗണുകളിൽ ഇന്നലെ 18 ലോറി റേഷൻ ഭക്ഷ്യധാന്യം എത്തിക്കേണ്ടതായിരുന്നു. രാവിലെ കയറിയ ലോറികൾ ഗോഡൗൺ വിട്ടുപോകാൻ കഴിയാതിരുന്നതിനാൽ മറ്റു ലോറികൾക്ക് കയറാനായില്ല.
പുതിയ സമരമുറയുമായി തൊഴിലാളികൾ
ഭാരം കുറച്ച് കയറ്റിയാൽ ലോറികൾ കൂടുതൽ തവണ ഓടേണ്ടി വരും. ഇത് ലോറികളുടെ കരാറുകാരന് വലിയ നഷ്ടമുണ്ടാക്കും. ചരക്കു നീക്കം തടസപ്പെട്ടാൽ ഓരോ ലോറിക്കും ദിവസം 1500 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. കരാറുകാരൻ ഈ തുക സിവിൽ സപ്ളൈസ് അധികൃതരോട് ആവശ്യപ്പെടാനാണ് നീക്കം. ഇങ്ങനെ ഉണ്ടായാൽ സിവിൽ സപ്ലൈസ് കോർപറേഷൻ നഷ്ടപരിഹാരം എഫ്.സി.ഐയോട് ആവശ്യപ്പെടും. ഇത് എഫ്.സി.ഐയും സിവിൽ സപ്ലൈസ് കോർപ്പറേഷനും തമ്മിലുള്ള തർക്കത്തിന് വഴിതെളിക്കും. ലോറികളിൽ ഭക്ഷ്യധാന്യം കയറ്റേണ്ട ചുമതല എഫ്.സി.ഐക്കാണ്. എഫ്.സി.ഐയുടെ നിയന്ത്രണത്തിലുള്ള തൊഴിലാളികളാണ് കൊല്ലത്തെ ഗോഡൗണിലുള്ളത്.