കൊല്ലം: നഗരത്തിലെ നിലവിലുള്ള പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഇ- സ്മാർട്ട് സൊല്യൂഷനുമായുണ്ടാക്കിയ കരാർ റദ്ദാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി
കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും നൂറ് എൽ.ഇ.ഡി ബൾബുകൾ വീതം ഉടൻ സ്ഥാപിക്കും.
കരാർ വ്യവസ്ഥകൾ ലംഘിച്ചു, പരീക്ഷണാർത്ഥം സ്ഥാപിച്ച ലൈറ്റുകൾക്ക് ആവശ്യത്തിന് വെളിച്ചമില്ല, പരിപാലനത്തിൽ വീഴ്ച വരുത്തി എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ കരാർ റദ്ദാക്കാൻ കൗൺസിൽ ആലോചിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീരുമാനം വൈകുകയായിരുന്നു. ഇ- സ്മാർട്ട് നിലവിൽ ആയിരത്തോളം ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കരാർ റദ്ദാക്കിയാൽ കമ്പനി ഈ ലൈറ്റുകൾ പൂർണമായും നീക്കും. ഇതോടെ നഗരത്തിലെ പല പ്രദേശങ്ങളും ഇരുട്ടിലാകും. ഇതിനു പരിഹാരമായിട്ടാണ് നൂറ് എൽ.ഇ.ഡി വിളിക്കുകൾ സ്ഥാപിക്കുന്നത്.
നഗരസസഭയുടെ പ്ലാൻ ഫണ്ടിന് പുറമേ എം.പി, എം.എൽ.എ എന്നിവരുടെ അസ്തിവികസന ഫണ്ട് കൂടി വിനിയോഗിച്ച് കൂടുതൽ എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങാനാണ് ആലോചന. ഇതിനായി നഗരസഭ അധികൃതർ ജനപ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തി. പോസ്റ്റുകളിൽ മീറ്റർ സ്ഥാപിച്ച് വൈദ്യുതി ഉപഭോഗം തിട്ടപ്പെടുത്തും. നിലവിൽ വൈദ്യുതി ഉപഭോഗം കൃത്യമായി കണക്കാക്കാതെ നിശ്ചിത തുക തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ്ജായി അടച്ചുവരികയാണ്.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ഉദയകുമാർ, ഹണിബഞ്ചമിൻ, സബിദാദേവി, യു പവിത്ര എന്നിവർ സംസാരിച്ചു. അംഗങ്ങളായ ജോർജ്ജ് ഡികാട്ടിൽ, പ്രിയദർശൻ, സോമരാജൻ, സജിതാനന്ദ്, കുരുവിളജോസഫ്, പുഷ്പാംഗദൻ, സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഉപഭോഗം കുറയും
എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി ഉപഭോഗം കുറയും. ഇതിലുടെയുള്ള സാമ്പത്തിക നേട്ടം കൂടുതൽ എൽ.ഇ.ഡികൾ വാങ്ങുന്നതിനൊപ്പം പരിപാലനത്തിനും വിനിയോഗിക്കാനാണ് നീക്കം. കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹകരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ആശ്രാമം വൈദ്യ ഫ്ലാറ്റിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥലം ഏറ്റെടുത്ത് ഓട നിർമ്മിക്കും. അതിന് മുൻപ് സ്ഥലം സന്ദർശിക്കാൻ കളക്ടറോട് ആവശ്യപ്പെടും.