ഓച്ചിറ: പൊതുവിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തെക്കുള്ള അഡ്മിഷൻ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഉറപ്പ് വരുത്തണമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി തഴവ ആദിത്യവിലാസം ഗവ. എൽ. പി സ്കൂളിലെ പ്രവേശനോത്സവ വിളംബരം 'കുഞ്ഞിക്കൂട്ടം' തൊടിയൂർ, തഴവ, ശൂരനാട്, മൈനാഗപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടന്നു. കൊല്ലം ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. തൊടിയൂർ കസൂർ ജംഗ്ഷനിൽ നടന്ന ആദ്യ യോഗം തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീലാമ്മ, സി.ഒ കണ്ണൻ, ഹെഡ്മിസ്ട്രസ് സാബുന്നിസ, എസ്.എം.സി ചെയർമാൻ സമദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളായിരുന്ന മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും ആദരിച്ചു.