fish
ചേർത്തടി ശശിയുടെ മത്സ്യക്കൃഷി വിളവെടുപ്പ് ഉദ് ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയൻ നിർവഹിക്കുന്നു

 വിജയവഴിയിൽ ചേത്തടി ശശി

പത്തനാപുരം: മാർക്കറ്റി​ൽ നി​ന്ന് വാങ്ങി​യ പഴകി​യ മത്സ്യം കഴി​ച്ച് വീട്ടുകാർ ആശുപത്രി​യി​ലായ സംഭവം ആശങ്കയും ഒപ്പം വാശി​യുമായി​ മനസി​ൽ നി​റഞ്ഞതോടെ വീട്ടി​ൽ പരീക്ഷണാർത്ഥം ആരംഭി​ച്ച മത്സ്യക്കൃഷി​യിൽ ചേത്തടി​ ശശി​ക്ക് 'പെടയ്ക്കണ' നേട്ടം.

തിലോപ്പിയ, കട്ട്ല, രോഹു, മൃഗാൾ എന്നുവേണ്ട ഒട്ടുമിക്ക മീനുകളും ശശിയുടെ ഫാമിലുണ്ട്. റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ പിറവന്തൂർ സ്വദേശി ചേത്തടി ശശി യാദൃശ്ചികമായാണ് മത്സ്യക്കൃഷി തുടങ്ങിയത്.

മാർക്കറ്റിലെ പഴകിയ വരവുമത്സ്യത്തിലെ 'വിഷ'മാണ് ശുദ്ധജല മത്സ്യക്കൃഷിയെന്ന ആശയത്തിലേക്കെത്തിച്ചത്. പെല്ലറ്റും ഇല വർഗങ്ങളുമല്ലാതെ മറ്രൊന്നും മീനുകൾക്ക് തീറ്റയായി നൽകാറില്ല. വീട്ടാവശ്യത്തിനും വില്പനയ്ക്കും തികയുന്ന തരത്തിലാണ് കൃഷി. മൂന്ന് മുതൽ ആറ് മാസം വരെയാകുമ്പോൾ വളർച്ചയെത്തും. 500 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുള്ള മീനുകളുണ്ട്. കിലോയ്ക്ക് 250- 300 രൂപ നിരക്കിലാണ് വില്പന.

പിറവന്തൂർ ശാസ്താംകാവിലുള്ള കൃഷിയിടത്തിലും ശശി മത്സ്യക്കൃഷി നടത്തുന്നുണ്ട്. കൂടാതെ പശു, നെല്ല്, കാപ്പി, തേൻ, പച്ചക്കറി കൃഷിയുമുണ്ട്. അഞ്ചുപേർക്ക് ദിവസവും തൊഴിലും നൽകുന്നു. മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ശശിക്ക് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത്, ഫിഷറീസ്, കാർഷിക വകുപ്പുകളുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്.

വിളവെടുപ്പ് ഉദ്ഘാടനം

മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ആരോമലുണ്ണി, ഗീതാമണി, കറവൂർ പ്രദീപ്, ചേത്തടി ശശി എന്നിവർ സംസാരിച്ചു.