panchayat
വിളക്കുടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം ഗ്രാമപഞ്ചായത്തംഗങ്ങൾ ചേർന്ന് വിദ്യാർത്ഥിനിക്ക് നൽകുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ നിർവഹിച്ചു. ഇടതുപക്ഷാംഗമായ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സൗമ്യ ഫിലിപ്പിനെയായിരുന്നു അദ്ധ്യക്ഷയായി നിശ്ചയിച്ചത്. എന്നാൽ മുഴുവൻ ഇടതുപക്ഷ ഗ്രാമപഞ്ചായത്തംഗങ്ങളും ചടങ്ങിൽ നിന്ന് വിട്ടു നിന്നതിനാൽ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് ചടങ്ങിന് അദ്ധ്യക്ഷനായി. കഴിഞ്ഞ ടേമിലെ രണ്ടര ലക്ഷം രൂപ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിയായി വിനിയോഗിക്കാൻ ഗ്രാമപഞ്ചായത്ത് സമിതിയിൽ തീരുമാനിച്ചിരുന്നു. ആകെ 50 വിദ്യാർത്ഥികളുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. ഇതേ വിദ്യാർത്ഥികളുടെ പേരുകളാണ് മുൻപത്തെ ലിസ്റ്റിലുമുണ്ടായിരുന്നത്. അതിൽ നിന്ന് ഇന്നലെ നടന്ന ചടങ്ങിൽ രേഖകൾ ഹാജരാക്കിയ 20 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യും.

വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ എ.ഷിബുദ്ദീൻ, കെ.ആർ.ശ്രീകല, ആശാ ബിജു, റജീനാ തോമസ്, എസ്.ലതിക തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 18ന് നടത്താനിരുന്ന പഠനോപകരണ വിതരണം ഇടതുമുന്നണി ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ക്രമക്കേടാരോപിച്ച് തടഞ്ഞിരുന്നു. ആ വിതരണോദ്ഘാടനമാണ് ഇന്നലെ ഇളമ്പലിൽ വെച്ച് നടന്നത്.