കരുനാഗപ്പള്ളി: തീരദേശമേഖലയുമായി കരുനാഗപ്പള്ളിയെ ബന്ധിപ്പിക്കുന്ന ലാലാജി ജംഗ്ഷൻ - പണിക്കർകടവ് റോഡിൽ നിറയെ അപകടക്കുഴികൾ. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തെ ആലപ്പാട് ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിച്ച് തോട്ടപ്പള്ളിയിൽ സമാപിക്കുന്ന റോഡാണിത്. തറയിൽമുക്ക് വളവിലാണ് അപകടക്കുഴികൾ ഏറെയും. കുഴിയിൽ ചാടാതെ വാഹനങ്ങൾ കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കുറ്റിക്കാട്ടിൽമുക്ക്, മുഴക്കോട്ട് വിള, മറവനാൽ ജംഗ്ഷൻ പോക്കാട്ട് മുക്ക്, പണിക്കർകടവ് എന്നിവിടങ്ങളിലും കുഴികളുടെ എണ്ണം കൂടുതലാണ്.
തിരക്കേറിയ റോഡ്
അഴീക്കൽ - വലിയഴീക്കൽ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വലിയഴീക്കൽ പാലം യാഥാർത്ഥ്യമായതോടെയാണ് പണിക്കർ കടവ് റോഡിന്റെ പ്രസക്തി വർദ്ധിക്കുന്നത്. കൊല്ലം ഭാഗത്ത് നിന്ന് ദേശീയപാത വഴി ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പണിക്കർകടവ് കടന്ന് വലിയഴീക്കൽ പാലം വഴി പോയാൽ ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാം. നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട് .
അറ്റകുറ്രപ്പണി നടത്താറില്ല
ചവറ ടൈറ്റാനിയം, ഐ.ആർ.ഇ എന്നീ കമ്പനികളുടെ മൈനിംഗ് ഏരിയയിൽ നിന്ന് കരിമണൽ കയറ്റാനുള്ള ലോറികൾ കടന്ന് പോകുന്നതും ഈ റോഡിലൂടെയാണ്. 4 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡ് അവസാനമായി ടാർ ചെയ്തത് 6 വർഷങ്ങൾക്ക് മുമ്പാണ്. ഇതിന് ശേഷം തകർന്ന റോഡിൽ അറ്റകുറ്രപ്പണികൾ നടത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ കാട്ടിയ അലംഭാവമാണ് റോഡിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ടെൻഡർ ഏറ്റെടുക്കാതെ കരാറുകാർ
റോഡിന്റെ പുനർ നിർമ്മാണത്തിനായി ഒന്നിലധികം തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ ടെൻഡർ നടപടികളിൽ നിന്ന് വിട്ടു നിന്നതായാണ് അറിയുന്നത്. ടാറിന്റെ ക്രമാതീതമായ വില വർദ്ധനവാണ് കരാർ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് റോഡിൽ രൂപപ്പെട്ട കുഴികൾ നികത്തിയില്ലെങ്കിൽ അപകടങ്ങൾ പെരുകാനുള്ള സാധ്യത ഏറെയാണ്.