8.93 ലക്ഷം രൂപയുടെ പദ്ധതി
കുഴൽ കിണറിന് 1.47ലക്ഷം രൂപ
എഴുകോൺ : കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ച കുഴിമതിക്കാട് കുന്നുംപുറം കുടിവെള്ള പദ്ധതി 32 കുടുംബങ്ങൾക്ക് ആശ്വാസമാകും. കരീപ്രയിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് കുന്നുംപുറം. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എം.എൽ.എ ആയിരുന്ന പി.ഐഷാ പോറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് 2019 ലാണ് ഭൂജല വകുപ്പ് പദ്ധതിക്ക് തുടക്കമിട്ടത്.
നൂറുദിന കർമ്മ പരിപാടിയിൽ
1.47ലക്ഷം രൂപ ചെലവഴിച്ചാണ് കുഴൽ കിണർ നിർമ്മിച്ചത്. മണിക്കൂറിൽ 2500 ലിറ്റർ ജല ലഭ്യതയുള്ളതാണ് കിണർ. എന്നാൽ ഗാർഹിക കണക്ഷനുകൾ നൽകി പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ പിന്നീട് മന്ദഗതിയിലായി. ഗ്രാമപ്പഞ്ചായത്തംഗം എം.ഐ. റെയിച്ചൽ മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് വീണ്ടും പദ്ധതിക്ക് ജീവൻ വെച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പദ്ധതി പൂർത്തിയാക്കിയത്. 8.93 ലക്ഷം രൂപയാണ് കുന്നുംപുറം പദ്ധതിക്ക് ആകെ ചെലവായത്.