photo
കുലശേഖരപുരത്ത് നടപ്പാക്കുന്ന ഉപ്പുവെള്ള പ്രതിരോധ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ തുറയിൽകടവിൽ നിർമ്മിച്ചിട്ടുള്ള ചീപ്പ് വഴി ഉൾ്രപ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ ബണ്ട് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പദ്ധതിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. തോട് ടി. എസ് കനാലിൽ അവസാനിക്കുന്ന ഭാഗത്താണ് ബണ്ട് നിർമ്മിക്കുന്നത്. വേലിയേറ്റ സമയത്ത് ഈ തോടുവഴി ടി.എസ് കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് പതിവാണ്. ഇതുകാരണം ഇടവിള കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. ബണ്ടിന്റെ നിർമ്മാണം പൂർണമാകുന്നതോടെ ഉപ്പ് വെള്ളത്തെ പൂർണമായും തടയാൻ കഴിയും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രമേശ്, എ.അനിരുദ്ധൻ, സുപ്രണ്ടിംഗ് എൻജിനീയർ കെ. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.