vennalthumpi-padam
വേനൽത്തുമ്പി കലാജാഥ കല്ലേലിഭാഗത്ത് കലാപരിപാടികൾ അവതരിപ്പിക്കുന്നു

തൊടിയൂർ: ബാല സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേനൽ തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. കരുനാഗപ്പള്ളി ഏരിയയിൽ പര്യടനം നടത്തുന്ന ജാഥയുടെ ഉദ്ഘാടനം കല്ലേലിഭാഗം മാമ്മൂട് ജംഗ്ഷനിൽ സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത് അദ്ധ്യക്ഷനായി. നന്മ ക്യാപ്റ്റനും അശ്വിൻ വൈസ് ക്യാപ്റ്റനുമായുള്ള കുട്ടികളുടെ 20 അംഗ കലാ സംഘമാണ് വിവിധ കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ലഘുനാടകങ്ങൾ, സംഗീത ശില്പങ്ങൾ, നാടൻകലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള കലാജാഥ ആനുകാലിക സാമൂഹിക വിഷയങ്ങൾ ഉയർത്തി കാട്ടിയാണ് പ്രയാണം തുടരുന്നത്. തൊടിയൂരിലെ പര്യടനത്തിനുശേഷം ആദ്യദിന ജാഥ കരുനാഗപ്പള്ളി ടൗണിൽ സമാപിച്ചു. ഇന്ന് രാവിലെ കരുനാഗപ്പള്ളി വെസ്റ്റിലെ തുറയിൽകുന്നിൽ നിന്ന് പര്യടനം ആരംഭിക്കും. വൈകിട്ട് കുലശേഖരപുരം നോർത്തിൽ സമാപിക്കും. നാളെ രാവിലെ ക്ലാപ്പന ഈസ്റ്റിൽ നിന്ന് തുടങ്ങി വൈകിട്ട് ആലപ്പാട് സൗത്തിൽ സമാപിക്കും. ജാഥാ പര്യടനത്തിന് ബീന, മധു, ബീന കല്ലേലിഭാഗം, സുനിത എന്നിവർ നേതൃത്വം നൽകി.