
ശാസ്താംകോട്ട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ശൂരനാട് വടക്ക് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പടിഞ്ഞാറ്റം മുറി കിഴക്ക് പുത്തൻവിളയിൽ റോയിക്ക് (52)ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. മണപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ബൈക്കിൽ തിരികെ വരുന്ന വഴി കെ.സി.ടി മുക്കിന് വടക്ക് ശൂരനാട് ഹൈസ്കൂൾ ജംഗ്ഷന് തെക്കുഭാഗത്ത് പമ്പ് ഹൗസിന് സമീപത്തെ പോസ്റ്റിലിടിക്കുകയായിരുന്നു. ഹെൽമറ്റ് തകർന്ന് തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയതാണ് മരണകാരണം. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് പോരുവഴി മാർ ബസേലിയസ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: റോഷൻ,റോജിൻ.