കൊ​ല്ലം: നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിങ്ക് റോഡിന്റെ നാലാം ഘട്ടം തേവള്ളിയിൽ തളയ്ക്കാൻ നീക്കം. കുരീപ്പുഴ പാണാമുക്കം- കടവൂർപള്ളി പാലത്തിന് പണം കണ്ടെത്താനെന്ന പേരിലാണ് ലിങ്ക് റോഡിന്റെ ആവശ്യകതയെത്തന്നെ അട്ടിമറിക്കുന്ന ആലോചന.

നിലവിൽ ലിങ്ക് റോഡ് എത്തിനിൽക്കുന്ന ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്ക് നീട്ടാനാണ് നേരത്തെ തയ്യാറാക്കിയ പദ്ധതി. ഇതിന് 2017ലെ ബഡ്ജറ്റിൽ 150 കോടി അനുവദിച്ചിരുന്നു. നാലാംഘട്ടത്തിന്റെ രൂപരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. അനുമതി നൽകുന്നതിന് മുന്നോടിയായി പദ്ധതിയുടെ പ്രയോജനം സംബന്ധിച്ച ഒറിജിൻ ആൻഡ് ഡെസ്റ്റിനേഷൻ സർവേയും അടുത്തിടെ പൂർത്തിയായിരുന്നു. വൈകാതെ കിഫ്ബിയുടെ അനുമതി ലഭിച്ച് ടെണ്ടർ നടപടിയിലേക്ക് കടക്കാമെന്ന ഘട്ടത്തിൽ നിൽക്കവേയാണ് ഭരണപക്ഷത്തെ ചില നേതാക്കൾ ഇടങ്കോലുമായി കളത്തിലിറക്കിയിരിക്കുന്നത്.

കുരീപ്പുഴ പാണാമുക്കം- കടവൂർപള്ളി പാലം അടിയന്തിരമായി നിർമ്മിക്കണമെന്നും അതിനുള്ള പണം ലഭ്യമാക്കാൻ ലിങ്ക് റോഡിന്റെ നീളം ചുരുക്കി പണം ലാഭിക്കണമെന്നുമാണ് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ടിന് പ്രമുഖ നേതാവ് നൽകിയിരിക്കുന്ന നിർദ്ദേശം. ലിങ്ക് റോഡ് തോപ്പിൽ കടവിൽ എത്തിക്കുന്നതിന് പകരം ഏറെ മുൻപേയുള്ള തേവള്ളി മിൽമ കോമ്പൗണ്ടിന് സമീപത്തെ റോഡിൽ അവസാനിപ്പിക്കുന്ന തരത്തിൽ രൂപരേഖയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകിയിരിക്കുകയാണ്. മൂന്ന് മീറ്റർ പോലും വീതിയില്ലാത്തതാണ് മിൽമ കോമ്പൗണ്ടിന് സമീപത്ത് നിന്നു കളക്ടറേറ്റിനു സമീപമെത്തുന്ന റോഡ്. രൂപരേഖ മാറിയാൽ നാലാംഘട്ട വികസനം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. കളക്ടറേറ്റ് പരിസരത്ത് കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് പുറമേ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ ലിങ്ക് റോഡിൽ പ്രവേശിക്കാൻ തന്നെ യാത്രക്കാർ മടിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് 102 കോടിയോളം മുടക്കി കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെ ഇപ്പോൾ പൂർത്തിയായ മൂന്നാംഘട്ട വികസനത്തെയും ബാധിക്കും.

 എന്തിന് മുൻവിധി?

കുരീപ്പുഴ പാണാമുക്കം - കടവൂർ പള്ളി പാലത്തിന്റെ ഇൻവസ്റ്റിഗേഷനായി ഇത്തവണത്തെ ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് അനൂകൂലമായാൽ പാലം നിർമ്മാണത്തിന് സർക്കാർ പണം അനുവദിക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ പണം അനുവദിച്ചേക്കില്ലെന്ന മുൻവിധിയുടെ അടിസ്ഥാനത്തിൽ ലിങ്ക് റോഡ് നാലാംഘട്ടം അട്ടിമറിക്കുന്നത് എന്തിനെന്ന ചോദ്യം ശക്തമാണ്.