photo
അപകടങ്ങൾ പതിയിരിക്കുന്ന മൂടിയില്ലാത്ത ഓട

കരുനാഗപ്പള്ളി: റോഡിന്റെ വശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ഓടയ്ക്ക് മൂടിയില്ലാത്തത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതായി പരാതി. കരോട്ട് മുക്ക് - കോഴിക്കോട് റോഡിന്റെ വശങ്ങളിലാണ് മൂടിയില്ലാത്ത ഓട നിർമ്മിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണിത്. ഒന്നര പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ച ഓടയ്ക്കും 8 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഓടയ്ക്കും മൂടി ഇല്ല.

ഓട കാണാതെ കാട്

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നുണ്ട്. മങ്ങാട്ടേത്ത് മുക്ക് മുതൽ പടിഞ്ഞാറോട്ട് പീടികമുക്ക് വരെയുള്ള ഓട പുതുതായി നിർമ്മിച്ചതാണ്. ഈ ഓടകളെല്ലാം പുത്തൻ ചന്തയിലുള്ള പശ്ചിമതീര കനാലിലാണ് അവസാനിക്കുന്നത്. ഓടയുടെ മുകൾ ഭാഗം കാട് വളർന്ന് ഓട കാണാൻ പറ്റാതായി. വാഹനങ്ങൾ എതിരെ വരുമ്പോൾ കാൽനട യാത്രക്കാർ റോഡിന്റെ വശങ്ങലിലേക്ക് മാറുമ്പോഴാണ് കാൽ വഴുതി ഓടയിൽ വീഴുന്നത്.

മൂടിയിട്ടാൽ പരിഹാരമാകും

ഓടകൾ നിർമ്മിക്കുമ്പോൾ തന്നെ മൂടി കൂടി ഇടണമെന്ന് നാട്ടുകാർ പലപ്പോഴും ആവശ്യപ്പെടുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ ഇക്കാര്യം പരിഗണനയിലെടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ നിന്ന് പുറംന്തള്ളുന്ന മലിനജലം ഓടയിലേക്കാണ് ഒഴുക്കി വിടുന്നതെന്ന് നാട്ടുകാർ പറയുന്നു. അതോടെ ഓടയിൽ നിന്നുള്ള ദുർഗന്ധവും അസഹനീയമാകുന്നു. മൂടി ഇല്ലാത്ത ഓട കാണുമ്പോൾ മാലിന്യങ്ങൾ അതിലേക്ക് വലിച്ചെറിയുന്നവരുമുണ്ട്. രാത്രിയിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് ചെറിയ വാഹനങ്ങളിൽ കൊണ്ട് വരുന്ന മാലിന്യങ്ങളും ഓടയിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. ഈ ഓടക്ക് മൂടിയിട്ടാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും.