pani

 ഇതുവരെ 82 കേസുകൾ  ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: ജില്ലയിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ സർവേ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

വൈറസ് രോഗമായ തക്കാളിപ്പനി, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും പ്രത്യക്ഷപ്പെടുന്ന ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ വേണം കുട്ടികളെ കുളിപ്പിക്കാൻ. നിർജ്ജലീകരണം ചെറുക്കാൻ ധാരാളം വെള്ളം നൽകണം. ദേഹത്തെ കുരുക്കൾ ചൊറിഞ്ഞ് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും അയയ്ക്കരുതെന്നും ഡി.എം.ഒ ഡോ.ബിന്ദു മോഹൻ നിർദ്ദേശിക്കുന്നു.

സൂര്യനെ കരുതണം


ജില്ലയിൽ അന്തരീക്ഷതാപം കൂടുതലായതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ മുൻകരുതൽ വേണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. അന്തരീക്ഷതാപം പരിധിവിട്ട് ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ സൂര്യതാപത്താൽ ശരീരം ചുവന്നുതടിക്കുകയും വേദനയും പൊളളലും ഉണ്ടാകാം. ഇവർ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. അന്തരീക്ഷത്തിൽ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.



വെള്ളം കുടിക്കണം,​

രണ്ട് നേരം കുളിക്കണം...


 വേനൽക്കാലത്ത് ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
 തണുത്ത വെള്ളത്തിൽ ദിവസവും രണ്ട് നേരം കുളിക്കണം
 ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങ വെളളം, കരിക്കിൻവെള്ളം എന്നിവ ഉത്തമം
 പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം
 വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ വിശ്രമവേളയായി കണക്കാക്കി സമയം ക്രമപ്പെടുത്തണം

 കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്

 വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം
 കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ വേണം ധരിക്കാൻ
 വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്