കൊല്ലം: ജില്ലയിലെ ആറു ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ്, ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം പഞ്ചായത്തിലെ കളപ്പില, പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ, വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ്. വെളിനല്ലൂരിലും ശൂരനാട് വടക്കും ഫലം നിർണായകമാവും.
മുളയറച്ചാൽ
വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡിലെ സി.പി.ഐ അംഗം എസ്. അമൃതിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചാൽ ഭരണമാറ്റത്തിനു സാദ്ധ്യതയുണ്ട്. ബി.ജെ.പി നിലപാടും നിർണായകമാകും. ആകെയുള്ള 17 വാർഡുകളിൽ നിലവിൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 7, ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില.
സംഗമം രണ്ടാം വാർഡ്
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സംഗമം രണ്ടാംവാർഡിലെ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് ഏറെ നിർണായകമാണ്. യു.ഡി.എഫ് അംഗം വേണു വൈശാലിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 അംഗ ഭരണസമിതിയിൽ നിലവിൽ യു.ഡി.എഫിന്റെ അംഗനില 8 ആണ്. എൽ.ഡി.എഫിന് 7ഉം ബി.ജെ.പി, എസ്.ഡി.പി.ഐ പാർട്ടികൾക്ക് ഓരോ അംഗങ്ങളുമുണ്ട്.
കളപ്പില
വെളിയം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കളപ്പില വാർഡിൽ സി.പി.എം. അംഗമായിരുന്ന ഇന്ദുകല അനിലിന്റെ മരണം മൂലമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെയുള്ള 19 വാർഡുകളിൽ നിലവിൽ എൽ.ഡി.എഫ് 10, ബി.ജെ.പി 3, കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷിനില. 3 വിമത അംഗങ്ങളുമുണ്ട്.
ക്ളാപ്പന
ക്ളാപ്പനയിൽ സി.പി.എമ്മിലെ വി.ആർ.അനുരാജിന് സർക്കാർജോലി കിട്ടിയതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫ് 11, യു.ഡി.എഫ് 3, ബി.ജെ.പി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
പെരിനാട്
പെരിനാട് പഞ്ചായത്തിൽ എൽ.ഡി.എഫ് 10, ബി.ജെ.പി 6, യു.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.
യു.ഡി.എഫിലെ ഷൈനി ജോൺസൺ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ്.
കഴുതുരുട്ടി ഒൻപതാം വാർഡ്
ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി ഒൻപതാം വാർഡിൽ ബി.ജെ.പി സംസ്ഥാനസമിതി അംഗമായിരുന്ന മാമ്പഴത്തറ സലിം രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹം ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. യു.ഡി.എഫ് 5, എൽ.ഡി.എഫ് 5, ബി.ജെപി 2, സ്വതന്ത്രൻ 1 എന്നതാണ് കക്ഷിനില.