balagopal-
ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തണ്ണീർ പന്തൽ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കൊല്ലം: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തണ്ണീർ പന്തൽ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ വിഭാവനം ചെയ്ത നൂതന പദ്ധതി എന്ന ആശയത്തെ സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി വിനയോഗിച്ചത് കൊല്ലം ജില്ലാ പഞ്ചായത്ത് ആണെന്ന് അദ്ദേഹം പറഞ്ഞു. നൂതന പദ്ധതിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് മാലാഖക്കൂട്ടം, സ്‌കിൽടെക്, എൻട്രി തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയതെന്ന് സാം കെ.ഡാനിയേൽ വ്യക്തമാക്കി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ശിവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, സെക്രട്ടറി ബിനുൻ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.