powercut

പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലടയിൽ ഇടതടവില്ലാതെ കറണ്ട് പോകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കറണ്ട് പോകുന്നത് വിദ്യാർത്ഥികളെയും ചെറുകിട വ്യവസായ സംരംഭകരെയും ഓൺലൈൻ വഴി ജോലി ചെയ്യുന്നവരെയുമാണ് ഏറെ കഷ്ടത്തിലാക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രദേശത്ത് ഒരു വൈദ്യുതി സെക്ഷൻ ഓഫീസ് വേണമെന്നാണ് നാട്ടുകാ‌രുടെ ആവശ്യം. വ‌‌ർഷങ്ങളായി നാട്ടുകാ‌ർ ഈ ആവശ്യം പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപടിയില്ല. മത്സ്യകൃഷി , കശുഅണ്ടി ഫാക്ടറികൾ , ഹോളോബ്രിക്സ് യൂണിറ്റുകൾ ,തീപ്പെട്ടി കമ്പനികൾ തുടങ്ങിയയിടങ്ങളിൽ കറണ്ടില്ലാതെ വരുമ്പോൾ ഡീസൽ ജനറേറ്റർ ഉപയോഗിച്ച് വേണം ജോലി തുടരുവാൻ. ഇത് ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു മണിക്കൂർ ഉപയോഗിക്കുന്നകറണ്ട് ചാർജിന്റെ 10 ഇരട്ടിയിലധികം ചെലവാണ് ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാക്കുന്നത്.

ആവശ്യത്തിന് ജീവനക്കാരില്ല

ശാസ്താംകോട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പ ഞ്ചായത്തുകളാണ് പടിഞ്ഞാറേകല്ലട , ശാസ്താംകോട്ട, തേവലക്കര , മൈനാഗപ്പള്ളി,ശൂരനാട് തെക്ക് , പോരുവഴി , മൺട്രോത്തുരുത്ത് പഞ്ചായത്തിന്റെ ഒരു ഭാഗം . 45 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ഈ സെക്ഷൻ ഓഫീസിന്റെ കീഴിൽ ഏകദേശം 25000 ഉപഭോക്താക്കളും 9 ലൈൻമാൻമാരുമാണുള്ളത്. ഇത്രയും വലിയ ചുറ്റളവിലുള്ള പ്രദേശത്തെ പരാതികൾ പെട്ടെന്ന് പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് അധികൃതർ പറയുന്നത്.

മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന കറണ്ട് പോക്കും വോൾട്ടേജ് ക്ഷാമവും വ്യവസായത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കൂടാതെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണ്. അധികൃതർ വൈദ്യുതി തടസം പരിഹരിക്കുന്നതിന് നടപടിയെടുക്കണം.

ജോൺസൺ ജോർജ് ,

എ.എം . കാഷ്യൂസ് ഉടമ ഐത്തോട്ടുവ ,

പടിഞ്ഞാറേകല്ലട .

വളരെക്കാലമായിട്ടുള്ള ആവശ്യമാണ് പടി : കല്ലടയിൽ ഒരു സെക്ഷൻ ഓഫീസ് സ്ഥാപിയ്ക്കുക എന്നത്. സോളാർ പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

അഡ്വ. ബി. ത്രിദീപ് കുമാർ

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പടിഞ്ഞാറെ കല്ലട